ഖത്തര്‍ പ്രതിസന്ധി എൽ എൻ ജി ടെർമിനലിന് തിരിച്ചടിയാകും

0
111

ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ ഉയർത്തിയ ഉപരോധം കേരളത്തിനെയാകും ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ വിദേശികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരും അതിൽ കൂടുതലും കേരളീയരുമാണ്.ഉപരോധത്തിന്റെ മറുഭാഗത്ത് നിൽക്കുന്നത് സൗദി അറേബ്യയും യു എ ഇ യുമാണെന്നതും കേരളത്തെ കടുതൽ കടുത്ത പ്രശ്‌നനങ്ങളിലേക്ക് നയിക്കും.

ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ വ്യവസായം നടത്തുന്ന മലയാളികൾക്ക് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ഇരുട്ടടിയായി മാറും. ഊർജ പ്രതിരോധ രംഗത്താണ് ഇന്ത്യ ഖത്തറുമായി ഏറ്റവും കൂടുതൽ സഹകരിക്കുന്നത്.ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാൽ ഖത്തർ ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ് . എന്നാൽ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) ഇറക്കുമതി ചെയ്യുന്നതിൽ അധികവും ഖത്തറിൽ നിന്നാണ്. ഇന്ത്യയുടെ എൽ എൻ ജി ഇറക്കുമതിയുടെ 65 ശതമാനവും ഖത്തറിൽ നിന്നാണ്.കൊച്ചിയിലെ എൽഎൻജി ടെർമിനൽ കൈകാര്യം ചെയ്യുന്ന പെട്രോനെറ്റ് എൽ എൻ ജി കമ്പനി ദക്ഷിണേന്ത്യയിൽ കൊച്ചിയിലെയും ഗുജറാത്തിലെയും പ്ലാന്റുകളിലേക്ക് പ്രതിവർഷം 7 .5 മില്യൺ മെട്രിക് ടൺ എൽ എൻ ജി ആണ് ഇറക്കുമതി ചെയ്യുന്നത്. ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ഖത്തറിലെ റാസ് ഗ്യാസ് കമ്പനിയിൽ നിന്നുമാണ് എൽഎൻജി ഇറക്കുമതി ചെയ്യുന്നതെങ്കിലും ഉപരോധം കരാറിനെ ദോഷകരമായി ബാധിച്ചേക്കുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. 2015 ഡിസംബർ 31 ന് പെട്രോനെറ്റ് എൽ എൻ ജി കമ്പനി ഖത്തറിലെ റാസ് ഗ്യാസ് കമ്പനിയുമായി ഒരു മില്യൺ ടൺ എൽ എൻ ജി പ്രതിവർഷം ഇറക്കുമതി ചെയ്യുന്നതിന് 25 വർഷത്തേക്കാണ് കരാർ ഒപ്പിട്ടുള്ളത്. എൽ എൻ ജിക്ക് പുറമെ എഥിലിക്, അമോണിയ, യൂറിയ, പോളി ലൈനിങ് , പ്രൊക്ലയ്ൻ, എന്നിവയും ഖത്തറിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. എൽ എൻ ജി ഉപയോഗിച്ച് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്ന ഫാക്ട് അടക്കമുള്ള കമ്പനികളെ ഈ ഉപരോധം ദോഷകരമായി ബാധിക്കാൻ ഇടയാക്കും.
ഖത്തറിനെതിരായ ഉപരോധം കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പ്രധാനമായും ഇന്ത്യയിൽ നിന്നും യന്ത്രോപകരണങ്ങൾ,ഗതാഗത സംവിധാനങ്ങളെ സഹായിക്കുന്ന ഉപകരണങ്ങൾ,സ്റ്റീൽ,ഇരുമ്പ്,ഇലക്ട്രിക് ഉപകരണങ്ങൾ,വസ്ത്രങ്ങൾ,രാസവസ്തുക്കൾ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെയാണ് ഖത്തർ ഇറക്കുമതി ചെയ്യുന്നത്, കയറ്റുമതി ഇറക്കുമതികൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഖത്തറിലെ ഉപരോധം കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കും. പൊടുന്നനെയുള്ള ഉപരോധത്തെത്തുടർന്ന് നിലവിൽ മലയാളികളടക്കമുള്ള സമൂഹത്തിന് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും പ്രമുഖ വിമാന കമ്പനികൾ സർവീസ് റദ്ദാക്കിയതടക്കമുള്ള നടപടികൾ വളരെയധികം ബാധിക്കുമെന്ന കാര്യത്തിൽ മലയാളികൾക്ക് വൻ ആശങ്കയാണ്.ഉപരോധത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൃത്യമായ നിലപാട് എടുക്കാത്തതും പ്രവാസി സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.