ദേശീയപാതയിൽ തുറന്ന മദ്യശാലകൾ വീണ്ടും സര്‍ക്കാര്‍ അടച്ചു

0
110

കണ്ണൂർ – കുറ്റിപ്പുറം ദേശീയപാതയിൽ തുറന്ന മദ്യശാലകൾ അടച്ചെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ മദ്യശാലകൾ തുറന്നത്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 13 മദ്യശാലകൾക്കാണ് അനുമതി നൽകിയത്. കോഴിക്കോട് – 4, കണ്ണൂർ – 6, മലപ്പുറം – 3 എന്നിങ്ങനെയാണു മദ്യശാലകളുടെ എണ്ണം.

സുപ്രീംകോടതി ഉത്തരവു സംസ്ഥാന സർക്കാർ മറികടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നു വ്യക്തമാക്കിയ മന്ത്രി കോടതിയെ അനുസരിക്കുമെന്നും പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ അഞ്ച് കള്ളുഷാപ്പും കണ്ണൂരിൽ നാലു കള്ളുഷാപ്പും തുറക്കാനാണ് അനുമതി നൽകിയത്. കെഎസ്ബിസിയുടെ ഔട്ട്ലെറ്റുകളിൽ കോഴിക്കോട് ഒരെണ്ണം കണ്ണൂരിൽ രണ്ടെണ്ണം എന്നിവയാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറന്നത്. ഇവയെല്ലാം അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോടതി പറയുന്നത് അനുസരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ – കുറ്റിപ്പുറം, തിരുവനന്തപുരം – ചേർത്തല പാതയോരങ്ങളിൽ മദ്യശാലകൾക്ക് അനുമതി നൽകാൻ പറഞ്ഞിട്ടില്ലെന്നും കോടതിവിധി ദുർവ്യാഖ്യാനം ചെയ്തതാണെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തുറന്ന മദ്യശാലകൾ ദേശീയപാതയോരത്താണെന്നു സർക്കാരിനോ മന്ത്രിക്കോ ഉറപ്പുണ്ടെങ്കിൽ ഉടൻ താഴിടണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം.