കാഞ്ഞങ്ങാട്: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്ന് പോലീസ്.
ഇതേ തുടര്‍ന്ന് കേസന്വേഷണം നടത്തുന്ന ഹൊസ്ദുര്‍ഗ് എസ്.ഐ ഈ മാസം 23ന് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്കാന് ഹൊസ്ദുര്‍ഗ് കോടതി ഉത്തരവിട്ടു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(ഒന്ന്) മജിസ്ട്രേറ്റ് എം ബാലകൃഷ്ണനാണ് കേസില്‍ എസ്.ഐ നേരിട്ടെത്തി വിശദീകരണം നല്കാന് ഉത്തരവിട്ടത്.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ തൊഗാഡിയ കോടതിയില്‍ ഹാജരാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വാറന്റ് പുറപ്പെടുവിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കോടതി കേസ് പരിഗണനക്കെടുത്തപ്പോള്‍ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചത്. തൊഗാഡിയെ കണ്ടു കിട്ടിയിട്ടില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചതോടെയാണ് അതിരൂക്ഷമായി പൊലിസിനെ കോടതി വിമര്‍ശിച്ചത്.
രാജ്യം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഒരു പ്രമുഖ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പൊലിസിന്റെ വിശദീകരണമാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് 23ന് എസ്.ഐ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് കോടതി ഉത്തരവിട്ടത്.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്നും രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പണിയാന്‍ പാടുള്ളുവെന്നുമാണ് തൊഗാഡിയ പ്രസംഗത്തിനിടെ പറഞ്ഞത്.