ഫ്രഞ്ച് ഓപ്പൺ: ദ്യോകോവിച്ച് ക്വാര്‍ട്ടറില്‍ പുറത്ത്

0
130

കളിമൺ കോർട്ടിൽ നൊവാക് ദ്യോകോവിച്ചിന് അടിതെറ്റി. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് നിലവിലെ ചാമ്പ്യനായ ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. മൂന്നു സെറ്റിനുള്ളിൽ തന്നെ മത്സരം അവസാനിച്ചു.പവർഫുൾ ഹിറ്റുമായി കോർട്ട് നിറഞ്ഞു കളിച്ച തീം ആദ്യ സെറ്റ് ടൈബ്രേക്കറിനൊടുവിലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ മൂന്നു ഗെയിം മാത്രം ദ്യോകോവിച്ചിന് വിട്ടുകൊടുത്ത തീം മൂന്നാം സെറ്റിൽ 6-0ത്തിന് വിജയം പിടിച്ചെടുത്തു. സ്‌കോർ: 7-6(7-5),6-3,6-0.

രണ്ടാം സീഡായ ദ്യോകോവിച്ചിനെതിരെ തീമിന്റെ ആദ്യ വിജയമാണിത്. സെമിയിൽ കളിമൺ കോർട്ടിലെ ആശാൻ റാഫേൽ നഡാലാണ് തീമിന്റെ എതിരാളി. സ്പാനിഷുകാരനായ പാബ്ലൊ കരേനൊ ബുസ്റ്റ ഉദരവേദനയെത്തുടർന്ന് പിന്മാറിയതോടെ നഡാൽ സെമിയിലേക്ക് മുന്നേറുകയായിരുന്നു. 6-2,2-0ത്തിന് നഡാൽ മുന്നിട്ടു നിൽക്കെയാണ് ബുസ്റ്റ പിന്മാറിയത്.

നാലാം സീഡായ നഡാൽ റോളണ്ട് ഗാരോസിൽ പത്താം കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഓപ്പൺ എറയിൽ ഒരു ഗ്രാൻസ്ലാമിന്റെ സിംഗിൾസ് സെമിഫൈനലിൽ പത്താം തവണയെത്തുന്ന അഞ്ചാമത്തെ താരമെന്ന റെക്കോർഡും നഡാൽ നേടി.2016ൽ ഫ്രഞ്ച് ഓപ്പൺ നേടി 1969ന് ശേഷം ഒരു സീസണിൽ തന്നെ നാല് ഗ്രാൻസ്ലാം നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ദ്യോകോവിച്ച് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് ദ്യോകോവിച്ചിന് കിരീടം നേടാനായിട്ടില്ല. അതിന് ശേഷം വിംബിൾഡണിന്റെ മൂന്നാം റൗണ്ടിലും യു.എസ് ഓപ്പണിന്റെ ഫൈനലിലും ദ്യോകോ തോറ്റു. ഓസ്ട്രേലിയൻ ഓപ്പണിലെ യാത്ര രണ്ടാം റൗണ്ടിലും അവസാനിച്ചു. കൂടാതെ 2005ലെ യു.എസ് ഓപ്പണിന് ശേഷം ഗ്രാൻഡ്സ്ലാമിൽ ഒരു ഗെയിം പോലും നേടാതെ ദ്യോകോവിച്ചിന് ഒരു സെറ്റ് നഷ്ടപ്പെടുന്നത് ആദ്യമായാണ്.