തിരുവനന്തപുരം ജില്ലയിലും ചേർത്തലയിലും കുമളിയിലും നാളെ ഹർത്താൽ

0
153

തിരുവനന്തപുരം ജില്ലയിലുൾപ്പെടെ കേരളത്തിൽ മൂന്നിടത്ത് നാളെ ഹർത്താൽ. ബിജെപി, ബിഎംഎസ് ഓഫിസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും ചേർത്തല നഗരസഭയിലും ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അതേസമയം, വ്യാപാരിയെ സിഐടിയു പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുമളിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് ഇവിടെ ഹർത്താൽ.

തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് രാത്രി എട്ടരയോടെ ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ബോംബേറിലും ജില്ലയിൽ ബിജെപിക്ക് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താലാചരിക്കുമെന്ന് ബിജെപി ജില്ലാ നേതാക്കൾ അറിയിച്ചു. ചേർത്തലയിലെ ബിഎംഎസ് ഓഫീസിനെതിരെയുള്ള സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ചേർത്തല നഗരസഭയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുണ്ടായ കയ്യേറ്റത്തിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പാർട്ടി ഓഫിസുകൾ ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്തിനു പുറമെ ചേർത്തല, തലയോലപ്പറപ്പ്, വെള്ളൂർ, നീഴൂർ തുടങ്ങിയ സ്ഥലങ്ങളിലും ബിജെപി ഓഫിസുകൾക്കു നേരെ ആക്രമണമുണ്ടായതായാണ് വിവരം.

വ്യാപാരിക്കു മർദ്ദനം; കുമളിയിൽ ഹർത്താൽ

കുമളിന്മ കുമളിയിൽ വ്യാപാരിയെ സിഐടിയു പ്രവർത്തകർ മർദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഉച്ച വരെ കുമളിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു ഹർത്താലാചരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് തീരുമാനിച്ചു. രാവിലെ 11 ന് സമിതിയുടെ നേതൃത്വത്തിൽ കുമളിയിൽ പ്രകടനവും നടക്കും.കൊളുത്തുപാലത്തു പ്രവർത്തിക്കുന്ന ഓർബിറ്റ് സൂപ്പർമാർക്കറ്റ് ഉടമ ജയിംസ് ചക്കാലയ്ക്കലിനാണു മർദനമേറ്റത്. കടയിൽ നിന്നു സാധനം വാങ്ങിയ വകയിൽ കടം നൽകാനുള്ള തുക തിരികെ ചോദിച്ചതാണു മർദനത്തിനു കാരണമെന്നു പറയപ്പെടുന്നു.

നാളത്തെ പരീക്ഷ മാറ്റി

നാളെ (ജൂൺ 8)തിരുവനന്തപുരം ജില്ലയിൽ ബി ജെ പി ഹർത്താലിനു ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നാളത്തെ ഹയർസ്സെക്കണ്ടറി സേ പരീക്ഷ ജൂൺ 14 ലേക്ക് മാറ്റിയിരിക്കുന്നു.മറ്റുദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല