ഭീഷണിക്കു വഴങ്ങില്ല: പിണറായി

0
109

സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നു കയറി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാറുകാർ നടത്തിയ ആക്രമണം ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഓഫീസിൽ ഉണ്ടായിരുന്ന സി.പി.ഐ.എം. പ്രവർത്തകർ ഇടപ്പെട്ടതുകൊണ്ടാണ് വലിയ ആപത്തിൽനിന്ന് യെച്ചൂരി രക്ഷപ്പെട്ടത്. ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്രഭരണത്തിൻറെ തണലിൽ സംഘപരിവാറുകാർ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. തങ്ങളുടെ തീവ്രഹിന്ദുത്വ പദ്ധതിയെ എതിർക്കുന്ന പാർട്ടികളെ അടിച്ചമർത്തുകയും അതിൻറെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി ആർ.എസ്.എസ്സുകാർ രാജ്യമാകെ മുഴക്കികൊണ്ടിരിക്കുകയാണ്. സി.പി.ഐ.എം. നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ അവർ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്രസർക്കാരിൻറെ പിന്തുണയുളളതുകൊണ്ടാണ് ആക്രമണങ്ങൾ തുടരുന്നത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാൽ ഡൽഹി ഏ.കെ.ജി. ഭവനൂനേരെയും പ്രധാന നേതാക്കൾക്കു നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നും കേരള പോലീസിൻറെ ഇൻറലിജൻസ് വിഭാഗം ഡൽഹി പൊലിസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിൻറ് കമമീഷണറെയും ജൂൺ 5-നു തന്നെ അറിയിച്ചിരുന്നു. മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളിൽ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ റസിഡൻഡ് കമ്മീഷണർ ഡൽഹി പൊലിസ് മേധാവികൾക്ക് പ്രത്യേക പരാതിയും നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുളള ഡൽഹി പൊലിസ് ഇതെല്ലാം അവഗണിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിനെ സംബന്ധിച്ച് സി.പി.ഐ.എം. ആണ് അവരുടെ മുഖ്യശത്രു. കാരണം ആർ.എസ്.എസ്സിൻറെ വർഗ്ഗീയ ധ്രുവീകരണ പദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത് സി.പി.ഐ.എം ആണ്. ഇത്തരം ആക്രമണങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടാ സി.പി.ഐ.എമ്മിനെ നിശ്ബ്ദമാക്കാമെന്നോ തളർത്താമെന്നോ കരുതേണ്ട. ഹിന്ദുത്വ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സി.പി.ഐ.എം. മുന്നോട്ടുപോകും. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്കെതിരെയുളള ആക്രമണം സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവർത്തനം അസാധ്യമാക്കുമെന്ന ആർ.എസ്.എസ് ഭീഷണിയുടെ പ്രായോഗിക രൂപമാണ്. എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ഇതിനെ എതിർക്കാൻ മുന്നോട്ടുവരണമെന്ന് മുഖ്യന്ത്രി പ്രസ്താവനയിൽ പറഞ്ഞു.