മധ്യപ്രദേശിൽ പടക്കശാലയിൽ സ്‌ഫോടനം; 20 മരണം

0
96

മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ മരണസംഖ്യ 20 ആയി. ഖാരി ജില്ലയിലെ ബാർസ പടക്കനിർമാണ ശാലയിലാണു സ്‌ഫോടനമുണ്ടായത്. ഒന്നിലധികം തവണ സ്‌ഫോടനമുണ്ടായെന്നാണു റിപ്പോർട്ട്.

നിരവധിപേർക്കു പരുക്കേറ്റു. നാൽപതോളം തൊഴിലാളികൾ അപകടസമയത്തു സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ കൂടാനിടയുണ്ടെന്നാണു വിവരം. പടക്കശാലയിലെ തൊഴിലാളികളിൽ ഒരാളുടെ കയ്യബദ്ധമാണു ദുരന്തത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മരിച്ചവരുടെ ആശ്രിതർക്കു രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും. 2015ൽ ബാൽഘട്ട് ജില്ലയിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചിരുന്നു. 12 വീടുകൾ കത്തിനശിച്ചു.