യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിക്കുന്നു : കുമ്മനം

0
130

സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. സംഭവത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അക്രമികൾ ഹിന്ദു സേനാ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. സിപിഎം നേതാക്കളുടെ സൈനികർക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആർഎസ്എസിനേയും ബിജെപിയേയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. ഇതിൽ നിന്ന് സിപിഎം പിൻമാറണം.
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാൻ ഒരു സിപിഎം നേതാവും ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ യെച്ചൂരിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തെ ബിജെപി അപലപിക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിർക്കാനും സിപിഎം തയ്യാറാകണം. സൈന്യത്തിനെതിരായ പ്രസ്താവനകളിൽ നിന്ന് സിപിഎം നേതാക്കൾ പിൻമാറണം. ഇത്തരം പ്രസ്താവനകൾ ഹിന്ദുസേനാ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തിയാലെ അക്രമത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാവുകയുള്ളൂ. അതിന് മുൻപ് ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നതിൽ നിന്ന് നേതാക്കൾ പിന്തിരിയണം. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.