യെച്ചൂരി കാത്തിരിക്കണം , തീരുമാനം കേന്ദ്രകമ്മിറ്റിക്ക്

0
138

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ തീരുമാനമായില്ല. സ്ഥാനാർഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനാൽ വിഷയം കേന്ദ്ര കമ്മിറ്റിയുടെ (സിസി) പരിഗണനയ്ക്ക് വിട്ടു. 23 മുതലാണ് കേന്ദ്രകമ്മിറ്റിയോഗം. യെച്ചൂരി മൽസരിക്കുന്നതിനെ കേരള ഘടകം ഇന്നും പിബിയിൽ ശക്തമായി എതിർത്തു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ യെച്ചൂരി പാർലമെന്റിൽ തുടരേണ്ടത് അനിവാര്യമെന്നു വ്യക്തമാക്കി മറ്റു ചില സംസ്ഥാന ഘടകങ്ങളും സിസിയിലെ ചില അംഗങ്ങളും പിബിക്കു കത്തു നൽകിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകൾ പാടില്ലെന്ന പാർട്ടി കോൺഗ്രസ് നിലപാടിൽ ഉറച്ചുനിൽക്കണമെന്നു കേരള ഘടകം പരസ്യ നിലപാടെടുത്തതു കാരാട്ട് പക്ഷത്തിനു ബലമായി.

യെച്ചൂരിയുടേതുൾപ്പെടെ ബംഗാളിൽനിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവുവരുന്നത്. അംഗബലം മാത്രം നോക്കിയാൽ തൃണമൂൽ കോൺഗ്രസിന് അഞ്ചു പേരെയും കോൺഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎൽഎമാരുള്ള ഇടതിന് തനിച്ചു സ്ഥാനാർഥിയെ ജയിപ്പിക്കാനാവില്ല. എന്നാൽ, കോൺഗ്രസിന്റെ എട്ടു പേർ ഭിന്നിച്ചുനിൽക്കുന്നതിനാൽ അവർക്കു തനിച്ചും സ്ഥാനാർഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്.

യെച്ചൂരിയാണ് ഇടതു സ്ഥാനാർഥിയെങ്കിൽ തങ്ങൾ മൽസരിക്കില്ലെന്നും യച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കണമെന്നാണു ബംഗാൾ ഘടകത്തിന്റെ ആവശ്യം. യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റിൽ അവസാനിക്കുമ്പോൾ സംസ്ഥാനത്തുനിന്നുള്ള മറ്റു രണ്ട് സിപിഎം അംഗങ്ങളിൽ തപൻ സെൻ അടുത്ത വർഷവും ഋതബ്രത ബാനർജി 2020 ലും വിരമിക്കും.

നിലവിൽ നിയമസഭയിലുള്ള അംഗബലം മാത്രംവച്ച് ഇനി പാർട്ടിക്ക് ആരെയും രാജ്യസഭയിലേക്കു ജയിപ്പിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും അതിനാൽ യെച്ചൂരിയെ ഇപ്പോൾ സ്ഥാനാർഥിയാക്കണമെന്നും ബംഗാൾ പാർട്ടി സെക്രട്ടേറിയറ്റ് കഴിഞ്ഞ 20നു പിബിക്കുള്ള കത്തിൽ വ്യക്തമാക്കി. ഇതു പിബി തള്ളിക്കളഞ്ഞു. തുടർന്ന്, കഴിഞ്ഞയാഴ്ച ബംഗാൾ സംസ്ഥാന സമിതി, സെക്രട്ടേറിയറ്റിന്റെ നിലപാടാവർത്തിച്ച് പ്രമേയം പാസാക്കി. അതാണ് പിബി പരിഗണിച്ചത്. പക്ഷേ, ഇതിലും തർക്കം തുടരുകയായിരുന്നു.