വെടിയുണ്ടകളുമായി വിമാനം കയറാനെത്തി, മംഗലാപുരത്ത് മലയാളി അറസ്റ്റിൽ

0
116

വെടിയുണ്ടകളുമായി വിമാനം കയറാനെത്തിയ മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. പിതാവിന്റെ ചികിൽസാർഥം ഡൽഹി വഴി ചൈനയിലേക്കു പോകാൻ കുടുംബസമേതം എത്തിയതായിരുന്നു. മംഗളുരുവിൽനിന്നു വിമാനമാർഗം ഡൽഹിയിലെത്തി അവിടെനിന്നു ചൈനയിലേക്കു പോകാനായിരുന്നു പരിപാടി.

മംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തി. തുടർന്നു വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബജ്പെ പൊലീസിനു കൈമാറി. പിതാവിനു ലൈസൻസുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താൻ എടുത്തപ്പോൾ അബദ്ധത്തിൽ അതിനകത്തു പെട്ടുപോയതാണെന്നുമാണു മുഹമ്മദ് ഷെഫീഖ് പറയുന്നത്.

ബജ്പെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. മുഹമ്മദ് ഷെഫീഖിന് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.