സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവർത്തകരുടെ കൈയേറ്റശ്രമം

0
129


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ കയ്യേറ്റ ശ്രമം. ഡൽഹി എകെജി ഭവനിലെ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴായിരുന്നു സംഭവം. എകെജി ഭവനിൽ അതിക്രമിച്ചു കയറിയ മൂന്നു പേരാണ് യച്ചൂരിയെ ആക്രമിച്ചതെന്നാണ് വിവരം. പൊലീസ് ഉടൻ തന്നെ ഇവരിൽ രണ്ടു പേരെ പിടികൂടി. മൂന്നാമൻ അൽപസമയത്തിനുശേഷം അറസ്റ്റിലായി.

വൈകിട്ട് നാലു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാർഥിത്വം ഉൾപ്പെടെ ചർച്ചയായ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണാനായി മീഡിയാ ഹാളിലേക്ക് വരികയായിരുന്നു യച്ചൂരി. അതിനിടെ ‘സിപിഎം മൂർദാബാദ്’ എന്നാക്രോശിച്ചുകൊണ്ട് അക്രമികൾ യച്ചൂരിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രതിഷേധത്തിൽ അമ്പരന്നുപോയ യച്ചൂരി കയ്യേറ്റത്തിനിടെ താഴെവീണു. ഉടൻ തന്നെ എകെജി ഭവനിലെ ജീവനക്കാരെത്തി അക്രമികളെ പിടിച്ചുമാറ്റി.

ഭാരതീയ ഹിന്ദുസേന പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. അതേസമയം, മോദി സർക്കാർ മൂന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്ന് യച്ചൂരി പരിഹസിച്ചു.