സ്‌കൂളുകളിൽ ഇനി മുതൽ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവും

0
119

എടപ്പാൾ: ഉച്ചഭക്ഷണത്തിന് പുറമേ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രഭാത, സായാഹ്ന ഭക്ഷണവും കൂടി നൽക്കാൻ സർക്കാർ നിർദേശം. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 2011-12 അധ്യയനവര്‍ഷംവരെ ഉച്ചഭക്ഷണം നല്‍കിവന്ന പ്രീപ്രൈമറി കുട്ടികൾക്കും നൽകുന്ന ഉച്ചഭക്ഷണത്തിന് പുറമേയാണിത്.കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടിനെ ആശ്രയിക്കാതെ കമ്മിറ്റികള്‍ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമുപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. വ്യക്തികള്‍, പിടിഎ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്.ഈമാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശനമായ പരിശഓധന വേണമെന്നും നിർദേശമുണ്ട്. ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഇവരുടെ ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉച്ചഭക്ഷണത്തിനായി സന്നദ്ധ വ്യക്തികളെയും സംഘടനകളെയും ഏജൻസികളെയും വിദ്യാലയങ്ങൾക്ക് കണ്ടെത്താം. എന്നാൽ 2012ന് ശേഷം ആരംഭിച്ച് അംഗീകാരം ലഭിക്കാത്ത പ്രീപ്രൈമറികൾക്ക് ഭക്ഷണം നൽകരുതെന്നും നിർദേശമുണ്ട്.