അധോലോകനായകന്‍ ചാള്‍സ് ശോഭരാജിന് ശനിയാഴ്ച്ച നിര്‍ണായക ഹൃദയ ശസ്ത്രക്രിയ

0
121

കാഠ്മണ്ഡു: ബിക്കിനി കില്ലര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിന് ശനിയാഴ്ച്ച നിര്‍ണായക ഹൃദയ ശസ്ത്രക്രിയ.കാഠ്മണ്ഡുവിലെ ഗംഗ്‌ലാല്‍ ഹേര്‍ട്ട് സെന്ററില്‍ ശനിയാഴ്ചയാണ് ഓപ്പണ്‍ സര്‍ജറി വഴി വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.

73കാരനായ ശോഭരാജ് 2003 മുതല്‍ കാഠ്മണ്ഡുവില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതേസമയം ഇപ്പോഴത്തെ ആരോഗ്യനിലയെ തരണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശോഭരാജ് ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. നേപ്പാളില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് പാരിസില്‍ ചെയ്യുന്നതിനേക്കാള്‍ സാധ്യത കുറവാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഏതാനും ദിവസം മുമ്പാണ് ശോഭരാജ് ജയില്‍ മുറിയില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോല്‍ ഡോക്ടര്‍മാര്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു.

നേപ്പാളില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ 3 മുതല്‍ അഞ്ച് ശതമാനം വരെ റിസ്‌ക് കൂടുതലാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇത് ഒരു ശതമാനം മാത്രമാണെന്നുമാണ് ശോഭരാജ് ചൂണ്ടിക്കാട്ടുന്നത്. ഫ്രഞ്ച് പൗരനായ ശോഭരാജ് ഹൃദയശസ്ത്രക്രിയയുടെ പേരില്‍ ജയില്‍ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ശോഭരാജിന്റെ ഒരു ഹൃദയ വാല്‍വ് പൂര്‍ണമായും തകരാറിലും മറ്റൊരു വാല്‍വ് പകുതി തകരാറിലുമാണ്.

അതേസമയം അഞ്ച് വര്‍ഷമായി ശോഭരാജിനെ ചികിത്സിക്കുന്ന ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നത് ശോഭരാജിന്റെ നില ഗുരുതരമാണെന്ന് മാത്രമല്ല തീര്‍ത്തും രോഗാവസ്ഥയിലാണെന്നാണ്. അദ്ദേഹത്തിന് അടിയന്തരമായി വാല്‍വ് മാറ്റിവയ്ക്കലും ശസ്ത്രക്രിയയും വേണം. ആശുപത്രിയില്‍ പ്രവേശിച്ച സാഹചര്യത്തിലും ശോഭരാജിന്റെ നില അസ്ഥിരമായി തുടരുന്നതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്.

ഇതിനിടെ ചാള്‍സ് ശോഭരാജ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സുഹൃത്തുക്കള്‍ വഴി ഫ്രാന്‍സിലും യുകെയിലുമുള്ള വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ചിരുന്നു. 2016 അവസാനം മുതല്‍ കാഠ്മണ്ഡു ജയിലില്‍ നിന്നും താന്‍ മോചനം പ്രതീക്ഷിക്കുകയാണെന്നും തനിക്ക് നേപ്പാളില്‍ വച്ച് എന്തെങ്കിലും സംഭവിക്കണമെന്ന് ഇവിടുത്തെ അധികൃതര്‍ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷയെന്നുമാണ് ശോഭരാജ് പറയുന്നത്.