ആരുടെയും താൽപര്യത്തിന് സിനിമ ചെയ്യില്ല: മോഹൻലാൽ

0
160

മുമ്പ് പലരുടെയും ഇഷ്ടത്തിനനുസരിച്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇനി അതിനില്ലെന്ന് മോഹൻലാൽ. തന്റെ താൽപര്യത്തിന് മാത്രമേ സിനിമ ചെയ്യുള്ളൂ. അതുകൊണ്ട് കൃത്യമായ ഷെഡ്യൂളിൽ സിനിമ ചെയ്യാനാകും. തനിക്കറിയാവുന്ന ഒരേ ഒരു തൊഴിൽ അഭിനയമാണെന്നും താരം പറഞ്ഞു. സിനിമയിലും ജീവിതത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. താൻ സിനിമയിൽ വന്ന കാലത്ത് നസീർ സാർ, മധുസാർ, ജയൻ, സുകുമാരൻ, സോമൻ അങ്ങനെ നീണ്ടനിര ഉണ്ടായിരുന്നു. അവർക്കിടയിലൂടെയാണ് വളർന്നത്. പുതിയകുട്ടികളും അതുപോലെ വളരും.

തന്റെ ഇഷ്ടങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും താരം പറഞ്ഞു. മോഹൻലാൽ നടനായത് കൊണ്ട് മകൻ പ്രണവും നടനാകണമെന്നില്ല. പ്രണവ് രണ്ട് സിനിമയിൽ വർക്ക് ചെയ്തു. പിന്നെ അയാളുടെ താൽപര്യം എന്താണോ അത് നടക്കട്ടെ. ഇപ്പോ അഭിനയിക്കാൻ താൽപര്യമുണ്ട് . അതുകൊണ്ട് അഭിനയിക്കുന്നു. അല്ലാതെന്ത് പറയാൻ. മകന്റെ കാര്യത്തിൽ എന്നേക്കാൾ താൽപര്യം നാട്ടുകാർക്കാണ്. അവൻ അവന് ഇഷ്ടമുള്ളത് ചെയ്യട്ടേ. പിന്നെ അമ്മ അസുഖം ബാധിച്ച് കിടന്നപ്പോൾ അറിയാത്ത പലരും വിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അതിൽ വലിയ സന്തോഷമുണ്ട്. അമ്മ ജീവിതത്തിലേക്ക് മടങ്ങിവന്നു.

പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാറില്ലെന്ന ആക്ഷേപം ശരിയല്ലെന്നും ജിത്തുജോസഫ്, വൈശാഖ് തുടങ്ങിയ നല്ല സംവിധായകർക്ക് താൻ അവസരം നൽകി. പുലിമുരുകന് നാല് മാസമാണ് മാറ്റിവച്ചത്. ഇതുവരെ മറ്റൊരു സിനിമയ്ക്കും ഇത്രയും ദിവസത്തെ ഡേറ്റ് നൽകിയിട്ടില്ല. സംവിധായകനിൽ പ്രതീക്ഷയുള്ളത് കൊണ്ടാണിത്. പിന്നെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായെന്ന് കരുതി ഡേറ്റ് നൽകാനാവില്ല. ഇപ്പോഴുള്ളതെല്ലാം നല്ല പ്രോജക്ടുകളാണെന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.