ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സർവകാല റെക്കോഡിൽ

0
116

കൊച്ചി: ഇന്ത്യയിൽനിന്നുള്ള ചെമ്മീനിനും മത്സ്യത്തിനും വിദേശത്ത് പ്രിയമേറിയതോടെ രാജ്യത്തിന്റെ  സമുദ്രോത്പന്ന കയറ്റുമതി 2016-17ൽ  37870 കോടി രൂപ (5.78 ബില്യൺ യുഎസ് ഡോളർ)-യുടെ സർവകാല റെക്കോഡിലെത്തി. അമേരിക്ക, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽനിന്നുള്ള പ്രധാന ഇറക്കുമതിക്കാർ.  യൂറോപ്യൻ യൂണിയനിൽനിന്നുള്ള ആവശ്യക്കാരും ഈ കാലയളവിൽ ഗണ്യമായി  വർദ്ധിച്ചിട്ടുണ്ട്.

ആകെ കയറ്റുമതിയുടെ അളവിൽ 38.28 ശതമാനവും ഡോളർ കണക്കിലെ ആകെ വരുമാനത്തിൽ 64.50 ശതമാനം ചെമ്മീനാണ്. ചെമ്മീൻ കയറ്റുമതി അളവിൽ 16.21 ശതമാനവും ഡോളർ മൂല്യത്തിൽ 20.33 ശതമാനവും വർദ്ധിച്ചു. കയറ്റുമതിയുടെ അളവിൽ 26.15 ശതമാനവും വരുമാനത്തിൽ 11.64 ശതമാനവുമായി രണ്ടാംസ്ഥാനത്തുള്ളത് മത്സ്യമാണ്. ഈ കാലയളവിൽ ഇത് 26.92 ശതമാനത്തിന്റെ മൂല്യവർദ്ധന രേഖപ്പെടുത്തി.

1,88,617  ടൺ ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്ത അമേരിക്കയാണ് ആകെ  ഇറക്കുമതി മൂല്യത്തിൽ  29.98 ശതമാനവുമായി മുന്നിൽ. അമേരിക്കയിലേക്കുള്ള കയറ്റുമതി അളവിൽ 22.72 ശതമാനവും രൂപയിലെ മൂല്യത്തിൽ 33 ശതമാനവും ഡോളർ വിലയിൽ 29.82 ശതമാനവും ഉയർന്നിട്ടുണ്ട്.

ആകെ കയറ്റുമതിയുടെ ഡോളർ വിലയിൽ 29.91 ശതമാനം വിഹിതവുമായി ദക്ഷിണപൂർവേഷ്യയാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ രണ്ടാമത്തെ വലിയ വിപണി. യൂറോപ്യൻ യൂണിയൻ (17.98 ശതമാനം), ജപ്പാൻ (6.83 ശതമാനം), മധ്യപൂർവ ഏഷ്യ (4.78 ശതമാനം), ചൈന (3.50 ശതമാനം), മറ്റ് രാജ്യങ്ങൾ (7.03 ശതമാനം) എന്നിങ്ങനെയാണ് കയറ്റുമതി വിഹിത കണക്കുകൾ. ദക്ഷിണപൂർവ ഏഷ്യയിലേക്കുള്ള കയറ്റുമതി അളവിൽ 47.41 ശതമാനവും രൂപയിലെ വിലയിൽ 52.84 ശതമാനവും ഡോളർ വരുമാനത്തിൽ 49.90 ശതമാനവും വർദ്ധിച്ചു.

വനാമി ചെമ്മീനിന്റെ ഉത്പാദന വർദ്ധനവ്, ജലകൃഷി വർഗങ്ങളുടെ വൈവിധ്യവത്കരണം, ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സുസ്ഥിര നടപടികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് എന്നിവയാണ് സമുദ്രോത്പന്ന കയറ്റുമതിയിലെ ഇന്ത്യയുടെ മികച്ച വളർച്ചയ്ക്ക് കാരണമായതെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീമതി. നിർമലാ സീതാരാമൻ പറഞ്ഞു.

2016-17 വർഷത്തിൽ ചെമ്മീനിന്റെ ആകെ കയറ്റുമതി അളവ് 4,34,484 ടണ്ണും മൂല്യം  3,726.36 മില്യൺ യുഎസ് ഡോളറുമാണ്. 1,65,827 ടൺ ഇറക്കുമതിയുമായി അമേരിക്കയാണ് ചെമ്മീനിന്റെ ഏറ്റവും വലിയ വിപണി. യൂറോപ്യൻ യൂണിയൻ (77,178 ടൺ), ദക്ഷിണപൂർവ ഏഷ്യ (1,05,763 ടൺ), ജപ്പാൻ (31,284 ടൺ), മധ്യപൂർവ ഏഷ്യ(19,554 ടൺ), ചൈന (7818 ടൺ), മറ്റ് രാജ്യങ്ങൾ (27,063 ടൺ) എന്നിങ്ങനെയാണ് മറ്റുവിപണികളിലെ ചെമ്മീൻ കയറ്റുമതി വിഹിത കണക്കുകൾ.

ഏറെ ആവശ്യക്കാരുള്ള വനാമി ചെമ്മീനിന്റെ കയറ്റുമതി 2,56,699 ടണ്ണിൽനിന്ന് 3,29,766 മെട്രിക് ടണ്ണിലേക്ക് 2016-17 വർഷത്തിൽ ഉയർന്നു. അളവിൽ ഇത് 28.46 ശതമാനത്തിന്റെ വർദ്ധനവാണ്. വനാമി ചെമ്മീൻ കയറ്റുമതിയുടെ ആകെ മൂല്യത്തിൽ അമേരിക്ക (49.55 ശതമാനം), ദക്ഷിണപൂർവേഷ്യ (23.28 ശതമാനം), യൂറോപ്യൻ യൂണിയൻ (13.17 ശതമാനം), ജപ്പാൻ (4.53 ശതമാനം), മധ്യപൂർവേഷ്യ (3.02 ശതമാനം), ചൈന (1.35 ശതമാനം) എന്നിങ്ങനെയാണ് കയറ്റുമതി വിഹിത കണക്കുകൾ.

കാരച്ചെമ്മീൻ കയറ്റുമതിയിൽ ആകെ മൂല്യത്തിന്റെ 43.84 ശതമാനം ജപ്പാനിലേക്കും 23.44 ശതമാനം അമേരിക്കയിലേക്കും 11.33 ശതമാനം ദക്ഷിണപൂർവേഷ്യയിലേക്കുമാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഡോളർ മൂല്യത്തിൽ 94.77 ശതമാനവുമായി ചെമ്മീനാണ് പ്രധാന ഉത്പന്നം. അവിടേയ്ക്കുള്ള വനാമി ചെമ്മീൻ കയറ്റുമതി അളവിൽ 25.60 ശതമാനവും ഡോളർ വിലയിൽ 31.75 ശതമാനവും വർദ്ധിച്ചു.

ദക്ഷിണപൂർവേഷ്യയിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതിയിൽ ഡോളർ മൂല്യത്തിൽ 76.57 ശതമാനവുമായി പ്രധാന വിപണി  വിയറ്റ്നാമാണ്. തായ്ലാൻഡ് (12.93 ശതമാനം), തായ്വാൻ (3.88 ശതമാനം), മലേഷ്യ (2.60 ശതമാനം), സിംഗപ്പൂർ (2.21 ശതമാനം), ദക്ഷിണ കൊറിയ (1.50 ശതമാനം) എന്നിങ്ങനെയാണ് ഈ മേഖലയിലെ മറ്റു രാജ്യങ്ങളുടെ വിഹിതം. അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ വിപണികളേക്കാൾ ഏറെ മുന്നിലായി 3,18,171 മെട്രിക് ടൺ ഇന്ത്യൻ സമു്രേദ്രാത്പന്നം വിയറ്റ്നാം ഇറക്കുമതി ചെയ്യുന്നുണ്ട്.

ആകെ കയറ്റുമതി അളവിന്റെ 16.73 ശതമാനവുമായി യൂറോപ്യൻ യൂണിയനാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ മൂന്നാമത്തെ വലിയ വിപണി. ആകെ കയറ്റുമതിയുടെ അളവിൽ 40.66 ശതമാനവും ഡോളർ മൂല്യത്തിൽ 55.15 ശതമാനവുമായി ചെമ്മീനാണ് പ്രധാന ഉത്പന്നം. യൂറോപ്യൻ യൂണിയനിലേക്കുള്ള വനാമി ചെമ്മീൻ കയറ്റുമതി അളവിൽ 9.76 ശതമാനവും ഡോളർ വിലയിൽ 11.40 ശതമാനവും വർദ്ധിച്ചു.

ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയുടെ നാലാമത്തെ വലിയ വിപണിയായ ജപ്പാൻ ആകെ കയറ്റുമതിയുടെ മൂല്യത്തിൽ 6.83 ശതമാനവും അളവിൽ 6.08 ശതമാനവുമാണ് ഇറക്കുമതി ചെയ്തത്. ജപ്പാനിലേക്കുള്ള പ്രധാന കയറ്റുമതി ചെമ്മീനാണ്. ആ രാജ്യത്തേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിൽ 45.31 ശതമാനവും മൂല്യത്തിൽ 77.29 ശതമാനവും ചെമ്മീനാണ്.
ചെമ്മീനും മത്സ്യവും കൂടാതെ ഇന്ത്യയുടെ പ്രധാന സമുദ്രഭക്ഷ്യോത്പന്നമായ കൂന്തൽ  കയറ്റുമതി അളവിൽ 21.50 ശതമാനവും രൂപയിലെ മൂല്യത്തിൽ 59.44 ശതമാനവും ഡോളർ മൂല്യത്തിൽ 57 ശതമാനവും വളർച്ച രേഖപ്പെടുത്തി. കണവ കയറ്റുമതി അളവിന്റെ കാര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രൂപയിലെ മൂല്യത്തിൽ 18.85 ശതമാനവും ഡോളർ മൂല്യത്തിൽ 16.95 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഉണക്കിയ ഉത്പന്നങ്ങൾ കയറ്റുമതി അളവിൽ 40.98 ശതമാനവും രൂപയിലെ മൂല്യത്തിൽ 20.14 ശതമാനവും ഡോളർ മൂല്യത്തിൽ 79.05 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ഇന്ത്യൻ തുറമുഖങ്ങൾ 2016-17ൽ 37,870.90 കോടി രൂപ (5,777.61 മില്യൺ ഡോളർ) മൂല്യമുള്ള 11,34,948 ടൺ സമുദ്രോത്പന്നങ്ങളുടെ ചരക്ക് കൈകാര്യം ചെയ്തു. 2015-16ൽ ഇത് 30,420.83 കോടി രൂപ (4,687.94 മില്യൺ ഡോളർ) മൂല്യമുള്ള 9,45,892 ടൺ സമുദ്രോത്പന്നങ്ങളായിരുന്നു. വിശാഖപട്ടണം, കൊച്ചി, കൊൽക്കത്ത, പിപവാവ്, ജവഹർലാൽ നെഹ്റു പോർട്ട്,മുംബയ് (ജെഎൻപി) എന്നിവയാണ് 2016-17ൽ സമുദ്രോത്പന്ന ചരക്ക് കൈകാര്യം ചെയ്ത പ്രധാന തുറമുഖങ്ങൾ. വിശാഖപട്ടണം, കൊച്ചി, കൊൽക്കത്ത. പിപവാവ്, ജെഎൻപി, കൃഷ്ണപട്ടണം, തൂത്തുക്കുടി എന്നിവടങ്ങളിലെ കയറ്റുമതി 2015-16 വർഷത്തെയപേക്ഷിച്ച് മെച്ചപ്പെട്ടു.

വിശാഖപട്ടണം തുറമുഖം 2016-17ൽ 9,294.31 കോടി രൂപ (1,401.94 മില്യൺ യുഎസ് ഡോളർ) വിലയുള്ള 1,59,973 ടൺ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു. 2015-16ൽ ഇത് 7,161 കോടി രൂപ (1,105.76 മില്യൺ യുഎസ് ഡോളർ) വിലയുള്ള 1,28,718 ടൺ സമുദ്രോത്പന്നങ്ങളായിരുന്നു. വിശാഖപ്പട്ടണം കഴിഞ്ഞാൽ കൊച്ചി (1,55,989 ടൺ, 4,447.05 കോടി രൂപ), കൊൽക്കത്ത (1,04,668 ടൺ, 4,451.67 കോടി രൂപ), പിപവാവ് (2,32,291 ടൺ, 4,217.45 കോടി രൂപ), ജെഎൻപി (1,49,914 ടൺ, 4,084.96 കോടി രൂപ), കൃഷ്ണപ്പട്ടണം (62,049 ടൺ, 3,701.63 കോടി രൂപ), തൂത്തുക്കുടി (42,026 ടൺ, 2,220.52 കോടി രൂപ), ചെന്നൈ (37,305 ടൺ, 1,693.87 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് തുറമുഖങ്ങളുടെ കയറ്റുമതി വിഹിതം.