കന്നുകാലി കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

0
108

കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം രാവിലെ ആരംഭിച്ചു. കേന്ദ്ര വിജ്ഞാപനത്തിന് എതിരെ നിയമസഭാ പ്രമേയം പാസാക്കും.രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയമവതരിപ്പിച്ച് ആവശ്യപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഈ നീക്കം സൃഷ്ടിക്കുക.വൻകിടക്കാരെ സഹായിക്കുന്നതിനുള്ളതാണ് ഈ വിജ്ഞാപനം.

ജനങ്ങളുടെ തൊഴിൽ, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്. വിജ്ഞാപനത്തിലെ ചട്ടങ്ങൾക്ക് നിയമപരമായ സാധുതയില്ലാത്തതും പൌരന്റെ മൌലികാവകാശങ്ങൾ ഹനിക്കുന്നതുമാണ്. പോഷകാഹാരകുറവുമൂലമുള്ള ആരോഗ്യപ്രതിസന്ധിക്കുവരെ ഈ നിയന്ത്രണം ഇടയാക്കും.

സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരത്തിലേർപ്പെട്ടിട്ടുള്ള അഞ്ച്‌ലക്ഷം പേരെ നേരിട്ട് ബാധിക്കുന്ന വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുന്നതുകൂടിയാണ്. കന്നുകാലി കൃഷിയെയും ദോഷകരമായി ബാധിക്കും. കന്നുകാലി ചന്തകളിൽനിന്നാണ് കൃഷിക്കും പാലുൽപാദനത്തിമെല്ലാം കേരളത്തിൽ കാലികളെ വാങ്ങുന്നത്. ഇത് നിർത്തലാക്കുന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാകും. പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. കറവവറ്റിയ കന്നുകാലികളെ ചന്തയിൽ വിറ്റിറ്റാണ് കർഷകാർ പുതിയവയെ വാങ്ങിയിരുന്നത്. അതിന് കഴിയാതെ വരുമ്പോൾ വയസ്സായ കന്നുകാലികളെ സംരക്ഷിക്കാൻ കർഷകർ പണമുടക്കേണ്ടിവരും. എകദേശം 40000 രൂപയോളം ഒരു കന്നുകാലിക്ക് വർഷത്തിൽ ചിലവാക്കേണ്ടിവരും. ഇത് കർഷകർക്ക് താങ്ങാവുന്നതിലും അധികമാണെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിപണിയിലും വർഗീയത കലർത്തുന്ന രാഷ്ട്രീയ തന്ത്രമാണ് വിജ്ഞാപനത്തിന് പിന്നിലെന്നും ഇത് ശുദ്ധതട്ടിപ്പാണെന്നും തുടർന്ന് സംസാരിച്ച വി എസ് അച്യുതാനന്ദൻ പറഞ്ഞു. പ്രമേയത്തിന് മേൽ സഭയിൽ 2 മണിക്കൂർ ചർച്ച നടത്തും. വിജ്ഞാപനം മറികടക്കാൻ സംസ്ഥാനത്ത് പ്രത്യേക ഓർഡിനൻസ് വേണമോയെന്ന കാര്യം സമ്മേളനത്തിന് ശേഷം തീരുമാനിക്കും. മെയ് 23 നാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. 26 നാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. തുടർന്ന് വിജ്ഞാപനത്തിനെതിരെ വൻപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. കൂടാതെ ഈ വിഷയം ചർച്ചചെയ്യുന്നതിന് മറ്റ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.