കര്‍ഷകര്‍ മരിച്ചത് പോലീസ് വെടിവെയ്പില്‍ തന്നെ: മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി

0
115

ഭോപ്പാല്‍: മദ്ധ്യപ്രദേശ് കര്‍ഷക സമരത്തിനിടെ അഞ്ചു കര്‍ഷകര്‍ മരിച്ചത് പോലീസ് വെടിവെയ്പില്‍ തന്നെയെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്. സംഘര്‍ഷം അതിരൂക്ഷമായപ്പോഴും കര്‍ഷകര്‍ മരിച്ചത് പോലീസ് വെടിവെയ്പില്‍ അല്ലെന്നായിരുന്നു ഭൂപേന്ദ്രസിങ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. സാമൂഹ്യവിരുദ്ധര്‍ സമരത്തിനിടെ നുഴഞ്ഞുകയറി സംഘര്‍ഷം രൂക്ഷമാക്കുകയാണുണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.

അതേസമയം, പ്രക്ഷോഭ സ്ഥലത്ത് ബുധനാഴ്ച എത്തിയ കളക്ടറെ രോഷാകുലരായ കര്‍ഷകര്‍ കയ്യേറ്റം ചെയ്തു. ബന്ധുവിന്റെ ശവസംസ്‌കാരത്തിനു പങ്കെടുക്കാന്‍ പോയ മന്ദസേറിലെ മുന്‍ എംപിയെയും മാനാക്ഷി നടരാജനെയും സമരക്കാര്‍ തടഞ്ഞു. എസ്പി ഓംപ്രകാശ് ത്രിപാഠിയെയും കര്‍ഷകര്‍ കയ്യേറ്റം ചെയ്തു.

സമരം അതിരൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്ഥലത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയും അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്തുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതലാണ് മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്.