കാളപിതാവിനും ഗോമാതാവിനുമായി ബിജെപിയുടെ ഡാർവിൻ സിദ്ധാന്തം ; വിഎസ്

0
204

കാളപിതാവിനും ഗോമാതാവിനുമായി ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്ന് സഭയിൽ വിഎസ് അച്യുതാനന്ദൻ. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രസംഗത്തിലുടനീളം ബിജെപിയെ കടന്നാക്രമിച്ചാണ് വിഎസ് സംസാരിച്ചത്.

പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്.  അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകൾ മാത്രം മാംസവ്യാപാരം നടത്തിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നത്.

ക്ഷീരകർഷകരുടേയും കശാപ്പ് തൊഴിൽ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളം. കോഫി ഹൗസ് മാതൃകയിൽ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാണം. വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോൾ കേരളജനതയുടെ വികാരം ഒ.രാജഗോപാൽ നരേന്ദ്രമോദിക്ക് പറഞ്ഞു കൊടുക്കണമെന്നും വിഎസ് പരിഹസിച്ചു.

കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ബിജെപി. കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മൾ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിർത്തുന്നത്.

അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മീഷൻ വാങ്ങുകയും ചെയ്ത ബിജെപി വൻകിട കശാപ്പ് മുതലാളിമാരിൽ നിന്ന് ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നത്.