ട്രംപിനെതിരെ രൂക്ഷവിമർശവുമായി മുൻ എഫ്.ബി.ഐ മേധാവി

0
90

അമേരിക്കൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുൻ തലവൻ ജയിംസ് കോമേ. ട്രംപ് സർക്കാർ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ്.ബി.ഐയെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

മെയ് ഒമ്പതിനാണ് ഡോണാള്‍ഡ് ട്രംപ് സർക്കാർ എഫ് ബി ഐ മേധാവി സ്ഥാനത്തുനിന്ന് ജയിംസ് കോമേയെ പുറത്താക്കുന്നത്. തന്നെ പുറത്താക്കുന്നതിന് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ജയിംസ് കോമേ ആരോപിച്ചു.

നിയമപ്രകാരം, എഫ്.ബി.ഐ മേധാവിയെ പുറത്താക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നില്ല എന്നിരിക്കെ, എഫ്.ബി.ഐയുടെ പ്രവർത്തനം താറുമാറാക്കിയെന്നും സേനയുടെ ആത്മവിശ്വാസം ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കിയത് തന്നെ അപമാനിക്കാനാണെന്ന് കോമേ വ്യക്തമാക്കി. ഇത്തരമൊരു ആരോപണമുയർത്തി തന്നെ പുറത്താക്കിയതിൽ താൻ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രംപുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കോമേയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേയ്‌ക്കെത്തിയത്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേൽ ഫ്ളെയിനെതിരായ അന്വേഷണം നിർത്തിവെക്കാൻ തന്നോട് ട്രംപ് തന്നോട് ആവശ്യപ്പെട്ടതായി ജയിംസ് കോമേ വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോൺകോളുകൾ ചോർത്തിയെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി ജയിംസ് കോമേ രംഗത്തെത്തിയിരുന്നു.