തലസ്ഥാന നഗരിയിൽ മുച്ചക്രങ്ങളിൽ ഓടുന്ന ബ്ലേഡ് മാഫിയ; ചുക്കാൻ പിടിക്കുന്നത് പോലീസ് ഏമാന്മാരെന്നു ആരോപണം

0
647

\

എല്‍. ബി

കൊച്ചിയിൽ നിന്നും അനന്തപുരിയിലേയ്ക്ക് താമസം മാറുന്നു എന്നറിഞ്ഞപ്പോൾ ഒരടുത്ത സുഹൃത്ത് നൽകിയ ഉപദേശം “കഴിവതും ഓട്ടോ യാത്ര ഒഴിവാക്കുക”. തിരുവനന്തപുരത്തെത്തി അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ പൊരുൾ  പിടി കിട്ടുകയും ചെയ്തു. ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ “മൂന്നു ചക്രങ്ങളിൽ ഓടുന്ന ബ്ലേഡ് മാഫിയകൾ” എന്ന് തന്നെ വിശേഷിപ്പിക്കാം തിരുവനന്തപുരത്തെ ഭൂരിഭാഗം ഓട്ടോറിക്ഷകളെയും. സാധാരണക്കാരുടെ വാഹനം എന്ന് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ വിളിക്കപ്പെടുന്ന ഓട്ടോറിക്ഷയുടെ തിരുവനന്തപുരത്തെ വിശേഷങ്ങളിലേയ്ക്ക്..

തിരുവനന്തപുരത്തെ ഓട്ടോറിക്ഷക്കാരുടെ പൊതുവായ

ചില ശീലങ്ങളുണ്ട്. അതിൽ പ്രധാനമായ ശീലമെന്തെന്നാൽ ഇവർക്കാർക്കും മീറ്റർ ഓൺ ചെയ്യാൻ ഇഷ്ടമല്ല എന്നത് തന്നെ. ഇനിയാരെങ്കിലും മീറ്റർ ഓൺ ചെയ്യാൻ പറഞ്ഞാലോ, മീറ്ററിൽ കാണുന്നതിനേക്കാൾ ഇരുപതോ, മുപ്പതോ രൂപ കൂടുതൽ നൽകണം കേട്ടോ എന്നൊരു ഡിമാൻഡ് പൈലറ്റ് മുന്നോട്ടു വെയ്ക്കും. അത് സമ്മതിച്ചുകൊടുത്താൽ യാത്രികന് സ്വസ്ഥമായി യാത്ര ചെയ്യാം, അല്ലാത്ത പക്ഷം ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കിവിട്ടു സ്വന്തം കാര്യം നോക്കി പോകും. കഴിഞ്ഞ ദിവസം മീറ്ററിൽ മുപ്പത്തിയൊന്നു രൂപ കാണിച്ചപ്പോൾ ഡ്രൈവർക്ക് മുപ്പത്തിയഞ്ചു രൂപ നൽകി ഇറങ്ങിയ എന്നോട് ഡ്രൈവറുടെ ചോദ്യം നാല്പത് രൂപ നൽകാൻ ഇല്ലാത്തതു കൊണ്ടാണോ എണ്ണിപ്പെറുക്കി മുപ്പത്തിയഞ്ച് നൽകുന്നത് എന്നായിരുന്നു. ഇത് മുൻപേ അറിഞ്ഞിരുന്നെങ്കിൽ വഴിയിൽ തന്നെ ഇറക്കി വിട്ടേനെ എന്നും.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വഴിയിൽ ഇറക്കി വിട്ട ഒരനുഭവം ഉണ്ടായി എന്ന് മാത്രമല്ല, പുറകിൽ വന്ന ഓട്ടോക്കാരൻ യാത്രയ്ക്ക് തയ്യാറായി എന്ന പേരിൽ അയാൾക്ക് ആദ്യമേ ഇറക്കിവിട്ട ഡ്രൈവറുടെ വക റോഡിൽ വെച്ച് തന്നെ തെറിയഭിഷേകവും കേൾക്കേണ്ടി വന്നു. മീറ്റർ ഓൺ ചെയ്താൽ തന്നെ കാണാവുന്ന മറ്റൊരത്ഭുദം എന്തെന്നാൽ ഒരു നിശ്ചിത ഇടത്ത് നിന്നും നിശ്ചിതദൂരം യാത്ര ചെയ്യാൻ, നമ്മൾ നാല് ഓട്ടോ വിളിച്ചാൽ നാല് ഓട്ടോക്കാരുടെയും മീറ്ററിൽ തെളിയുന്ന തുക വ്യത്യസ്തമായിരിക്കും എന്നതാണ്. ചില മീറ്ററുകൾ ഓട്ടോ സഞ്ചരിക്കുന്നതിനനുസരിച്ചാണ് ചലിക്കുന്നതെങ്കിൽ, മറ്റു ചിലവ ഓടുന്ന ഓട്ടോയെക്കാൾ ഒരു മുഴം മുൻപേ ഓടുന്നവയുമായിരിക്കും. മറ്റു ജില്ലകളിൽ രാത്രി ഒൻപതിന് ശേഷമാണ് ഓട്ടോറിക്ഷക്കാർ അധികതുക ഈടാക്കുന്നത് എങ്കിൽ, തലസ്ഥാനത്തെ ഒൻപതുമണി നമ്മുടെയെല്ലാം വാച്ചുകളിലെ  ഏഴുമണിയുമാണ്. ഏഴുമണിക്ക് ശേഷം ചേട്ടന്മാർക്ക് മീറ്റർ വാടകയുടെ ഒന്നര ഇരട്ടി  നൽകിയാലേ വണ്ടി നീങ്ങുകയുള്ളൂ എന്നതാണ് അവസ്ഥ.

സംസ്ഥാന സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി അന്യജില്ലക്കാർ ധാരാളം ഒഴുകിയെത്തുന്ന ഒരിടമായതു കൊണ്ട് തന്നെ ചോദിക്കുന്ന വാടക കിട്ടുമെന്ന കാര്യത്തിൽ ഓട്ടോകാർക്ക് സംശയമേതുമില്ല. സമയം കയ്യിൽ പിടിച്ചു വരുന്നവരായതു കൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇവരോട് തർക്കിക്കാൻ മുതിരാറുമില്ല. പക്ഷെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്  RCC യിലേക്ക് വരുന്ന രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ഓട്ടോ മുതലാളിമാരുടെ കഴുത്തറുപ്പിനെ കുറിച്ചുള്ള പരാതികൾ കേട്ടപ്പോഴാണ് മനുഷ്യത്വം എന്നൊരു പദം ഇവരാരും കേട്ടിട്ടുപോലുമില്ലേ എന്ന് തോന്നിപ്പോയത്. പേരിനു  തലസ്ഥാനനഗരി എന്ന് പറയാമെങ്കിലും, നഗരത്തിനോട് ചേർന്ന് കിടക്കുന്ന പല മേഖലകളിലേയ്ക്കും വേണ്ടും വിധം ബസ് സർവീസുകൾ പോലും ലഭിക്കാത്തൊരു ഇടം കൂടിയാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെ സ്വന്തമായി വാഹനമില്ലാത്ത ആളുകൾക്ക് ആശ്രയിക്കേണ്ടി വരുന്നതും ഓട്ടോറിക്ഷയെ തന്നെ.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ചില ഓട്ടോക്കാരെക്കുറിച്ചും ഉണ്ട്  ഭരണാധികാരികൾ അറിയേണ്ട മറ്റൊരു പരാതി. പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ഉള്ള റെയിൽവേ സ്റ്റേഷനിൽ ടോക്കൺ എടുക്കാൻ പോകുന്ന യാത്രക്കാരൻ ദൂരയാത്ര ഉള്ള ആളെങ്കിൽ, അയാൾക്ക് ടോക്കൺ നമ്പർ ഒരിക്കലും ക്യൂവിൽ നിൽക്കുന്ന ഓട്ടോകളുടെ ആയിരിക്കില്ല. മറിച്ച് ക്യൂവിൽ കിടക്കാതെ മാറ്റി പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോകളുടെതാകും. പ്രീ-പെയ്ഡ് കൗണ്ടറിൽ ഇരിക്കുന്ന കാക്കി യൂണിഫോം കാരും, ക്യൂവിൽ കിടക്കാൻ ഇഷ്ടപ്പെടാത്ത കാക്കി യൂണിഫോംകാരും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് മറ്റു ഓട്ടോറിക്ഷക്കാർ പറയുന്നത്. ചെയ്തു തരുന്ന സഹായത്തിനുള്ള പ്രതിഫലം കൃത്യമായി ഏമാന്മാർ കൈപ്പറ്റുകയും ചെയ്യും.

കാടടച്ചു വെടിവെയ്ക്കുക എന്ന പോലെ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. പക്ഷെ  മീറ്ററിനേക്കാൾ കൂടുതൽ കിട്ടണം എന്ന് വാശി പിടിക്കുന്നവരെ കൂടുതലായി കാണാൻ സാധിച്ചതിനാൽ ഈയൊരു ശീലത്തെ സമൂഹമധ്യത്തിൽ തുറന്നു കാണിക്കേണ്ടതുമുണ്ട്. ചോദ്യം ചെയ്താൽ പൊതുജനമധ്യത്തിൽ തെറി കേൾക്കേണ്ടി വരുമെന്നും, അത് തങ്ങളുടെ മാന്യൻ ഇമേജിന് ഇടിവ് വരുത്തുമെന്നും പേടിച്ചാണ് മിക്കവാറും ആളുകൾ ഈ വിഷയത്തിൽ പ്രതികരിക്കാത്തതും. പക്ഷെ ഒന്നോർക്കുക നീതിനിഷേധങ്ങളോടുള്ള നിങ്ങളുടെ സമവായമാണ് ഇത്തരം ദുഷിച്ച പ്രവണതകൾക്ക് വളമായി മാറുന്നത്. തൊഴിലാളി ഐക്യവും, യൂണിയൻ ബലവും, തെറി വിളിക്കാനുള്ള മടിയില്ലായ്മയും എല്ലാം സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള ആയുധങ്ങൾ മാത്രമായി മാറുകയുമരുത് .
ഓരോ ദിവസങ്ങളിൽ… ഒരേ ദൂരത്തിൽ മീറ്ററിൽ വരുന്ന മാറ്റങ്ങളാണ് ചുവടെയുള്ള  ചിത്രങ്ങളിലും വീഡിയോയിലും പകര്‍ത്തിയിരിക്കുന്നത്…..