ദോഹ വ്യോമ പാതയിലെ മാറ്റം; വിമാനങ്ങൾ ലഗേജ് പരിധി കുറച്ചു

0
206


സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് ഉപരോധം തീർത്ത സാഹചര്യത്തിൽ ഇന്ത്യൻ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും തിരിച്ചുമുള്ള വ്യോമപാത മാറ്റി.ഖത്തർ എയർവേയ്സും ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, ജെറ്റ് എയർവേയ്സ്, ഇൻഡിഗോ എന്നിവയുമാണ് സഞ്ചാരപഥം മാറ്റിയത്. ഇതോടെ ചില വിമാന കമ്പനികൾ ലഗേജ് പരിധിയും വെട്ടിച്ചുരുക്കി. ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന രാജ്യത്തെ പ്രവാസികൾക്ക് പുതിയ വാർത്ത വളരെ ആശ്വാസകരമാണെങ്കിലും ലഗേജ് പരിധി വെട്ടിച്ചുരുക്കിയത് വേനലവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജെറ്റ് എയർവേയ്സ് ലഗേജ് പരിധി മുപ്പതിൽ നിന്ന് ഇരുപത് കിലോയാക്കി കുറച്ചിട്ടുണ്ട്. പ്രീമിയം വിഭാഗത്തിൽപ്പെട്ട യാത്രക്കാർക്ക് മാത്രമാണ് മുപ്പത് കിലോ അനുവദിച്ചത്. അതേസമയം നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പുതിയ നിയന്ത്രണം ബാധകമല്ല. യാത്രാപാതയിൽ മാറ്റം വരുത്തിയതോടെ ഇറാന് മുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്താൻ പത്ത് മുതൽ അമ്പത് മിനിറ്റ് വരെ കൂടുതൽ യാത്രാസമയം വേണ്ടിവരും. യാത്രാ സമയം കൂടിയതോടെ ഇന്ധനം കൂടുതൽ വേണ്ടി വരുന്ന സാഹചര്യത്തിലാണ് ഭാരം കുറയ്ക്കുന്നത്. എയർ ഇന്ത്യയും ലഗേജ് പരിധി ഇരുപത് കിലോയാക്കിയിട്ടുണ്ട്.

അതേസമയം ഒമാൻ എയർ, കുവൈത്ത് എക്സ്പ്രസ്സുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഖത്തർ എയർവേയ്സ് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം വ്യോമ വിലക്ക് മറികടക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഊർജിത ശ്രമം നടത്തുന്നുണ്ട്. ദോഹയിൽ നിന്ന് മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസേന രണ്ട് ഡസനിലധികം വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. സഞ്ചാരപഥം മാറ്റിയതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ യാത്രാനിരക്കും വർധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതലാണ് പുതിയ വിമാന നിരക്ക്.