ധവാന് സെഞ്ചുറി, ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം

0
146

സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാന്റെയും അർധസെഞ്ചുറി നേടിയ രോഹിതിന്റെയും ധോണിയുടെയും മികവിൽ ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യൻ പടയോട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കയ്ക്ക് നൽകിയത് 322 റൺസ് വിജയലക്ഷ്യം. അവസാന ഓവറുകളിൽ കത്തിക്കയറിയ മുൻ ക്യാപ്റ്റൻ ധോണി(63)യും 13 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 25 റൺസെടുത്ത കേദാർ ജാദവുമാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 52 പന്തിൽ ഏഴു ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ധോണി 63 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കാണ് രോഹിത്-ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചത്. 113 പന്തുകൾ നേരിട്ട ധവാൻ 13 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ചുറിയിലെത്തിയത്. രോഹിത് ശർമ 79 പന്തിൽ 78 റൺസെടുത്ത് പുറത്തായി. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും രോഹിത്-ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി തികച്ചു.

25-ാം ഓവറിൽ മലിംഗയെ സിക്‌സർ പറത്തിയശേഷം തൊട്ടടുത്ത പന്തിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ച് പന്തുകൾ നേരിട്ട ശേഷം പൂജ്യത്തിന് പുറത്തായി. നുവാൻ പ്രദീപിനാണ് വിക്കറ്റ്. പാക്കിസ്ഥാനെതിരെ തകർത്തടിച്ച യുവരാജ് സിങ്ങിന് ഏഴു റൺസ് മാത്രമാണ് നേടാനായത്.59 പന്തിൽ നാലു ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് രോഹിത് ശർമ അർധശതകത്തിൽ എത്തിയത്. വ്യക്തിഗത സ്‌കോർ 45ൽ നിൽക്കെ തീസര പെരെരയ്‌ക്കെതിരെ സിക്‌സർ പായിച്ചായിരുന്നു രോഹിതിന്റെ അർധസെഞ്ചുറി ആഘോഷം.