ഫ്രഞ്ച് ഓപ്പൺ: ബൊപ്പണ്ണ ഫൈനലിൽ

0
113

റോളണ്ട് ഗാരോസിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി രോഹൻ ബൊപ്പണ്ണ. കനേഡിയൻ പങ്കാളി ഗബ്രിയേല ഡബ്രോവ്സ്‌ക്കിയുമായി ചേർന്ന് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിലെത്തി.ഫ്രഞ്ച് താരം എഡ്വേർഡ് റോജർ വാസ്ലിൻ-ചേക്ക് താരം ആൻഡ്രിയ വാക്കോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും ഗബ്രിയേലയും അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ സെറ്റിൽ അൽപം പ്രയാസപ്പെട്ടെങ്കിലും രണ്ടാം സെറ്റ് ബൊപ്പണ്ണ സഖ്യം അനായാസം നേടി. സ്‌കോർ: 7-5,6-3.

ഏഴാം സീഡായ ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനൽ എതിരാളി അന്ന ഗ്രോനെഫെൽഡ്-റോബർട്ട് ഫറ ജോഡിയാണ്. രാജീവ് റാമിനെയും കാസിയെയും പരാജയപ്പെടുത്തിയാണ് ഇരുവരും ഫൈനലിലെത്തിയത്. ഫൈനലിൽ വിജയിച്ചാൽ ഗ്രാൻഡ്സ്ലാം നേടുന്ന നാലാമത്തെ ഇന്ത്യക്കാരൻ എന്ന ബഹുമതി ബൊപ്പണ്ണക്ക് സ്വന്തമാക്കാം. ഏഴു വർഷത്തിന് ശേഷമാണ് ബൊപ്പണ്ണ ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 2010ൽ പാക് താരം ഐസാമുൽ ഹഖ് ഖുറൈഷിയുമൊത്ത് യു.എസ് ഓപ്പണിന്റെ ഫൈനലിലെത്തിയിരുന്നു.

പുരുഷ സിംഗിൾസ് സെമിഫൈനലിൽ റാഫേൽ നഡാൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടുമ്പോൾ വാവ്റിങ്കയും ആൻഡി മറേയും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം. ദ്യോകോവിച്ചിനെ അട്ടിമറിച്ചാണ് തീം സെമിഫൈനലിലെത്തിയത്.വനിതാ സിംഗിൾസിൽ മൂന്നാം സീഡ് സിമോണ ഹാലെപ്പും രണ്ടാം സീഡ് പ്ലിസ്‌കോവയും തമ്മിലാണ് ഒരു സെമി പോരാട്ടം. മറ്റൊരു സെമിയിൽ പത്തൊമ്പതുകാരി ഒസ്റ്റാപെങ്കോ സ്വിസ് താരം ബാസിൻസ്‌ക്കിയെ നേരിടും. വോസ്നിയാക്കിയെ തോൽപ്പിച്ചാണ് ബാസിൻസ്‌ക്കി സെമിയിലെത്തിയത്.