ബൊപ്പണ്ണ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ്‌ ഡബിള്‍‍സ്‌ കിരീടം

0
129


പേസ്‌, ഭൂപതി എന്നീ പേരുകള്‍ക്ക് ശേഷം ഇന്ത്യ ലോക ഡബിള്‍‍സ്‌ ടെന്നീസില്‍ പ്രതീക്ഷയോടെ കാണുന്ന രോഹന്‍ ബൊപ്പണ്ണയ്ക്ക് ആദ്യ ഗ്രാന്‍ഡ്‌ സലാം കിരീട നേട്ടം. ലോക ടെന്നീസിലെ കളിമണ്‍ പ്രതലങ്ങളുടെ രാജ്ഞിയായ  ഫ്രഞ്ച് ഓപ്പണില്‍ കനേഡിയൻ താരം ഗബ്രിയേല ഡബ്രോവ്‌സ്‌ക്കിക്കൊപ്പമാണ് ബൊപ്പണ്ണ കന്നി ഗ്രാന്റ്സ്ലാം കിരീടം നേട്ടം കുറിച്ചത്. ടൈബ്രേക്കറിലേക്ക് നീണ്ട ഫൈനലിനൊടുവിലായിരുന്നു ഏഴാം സീഡായ ഇന്തോ-കനേഡിയൻ സഖ്യത്തിന്റെ വിജയം.

ഫ്രഞ്ച് താരം എഡ്വേർഡ് റോജർ വാസ്ലിൻ-ചേക്ക് താരം ആൻഡ്രിയ വാക്കോവ സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ബൊപ്പണ്ണ ജോഡി തിരിച്ചുവരികയായിരുന്നു. ആദ്യ സെറ്റ് 6-2ന് നഷ്ടപ്പെട്ട ബൊപ്പണ്ണയും ഗബ്രിയേലയും രണ്ടാം സെറ്റിൽ വിട്ടുകൊടുത്തില്ല. 6-2ന് സെറ്റ് സ്വന്തമാക്കി മത്സരം ഒപ്പമെത്തിച്ചു. പിന്നീട് ടൈബ്രേക്കറിൽ 12-10ന് വിജയിച്ച് ബൊപ്പണ്ണയും ഗബ്രിയേലയും മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡുമെഴുതി. ഇതിന് മുമ്പ് ലിയാണ്ടർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ഇന്ത്യക്കാർ. ഏഴു വർഷത്തിന് ശേഷമാണ് ബൊപ്പണ്ണ ഒരു ഗ്രാൻഡ്സ്ലാം ഫൈനൽ കളിച്ചത്. ഇതിന് മുമ്പ് 2010ൽ പാക് താരം ഐസാമുൽ ഹഖ് ഖുറൈഷിയുമൊത്ത് യു.എസ് ഓപ്പണിന്റെ ഫൈനലിലെത്തിയിരുന്നു