മകളുടെ വിവാഹം; വിശദീകരണവുമായി ഗീത ഗോപി

0
113

തൃശൂർ: മകളുടെ വിവാഹത്തിന് എഴുപത്തിയഞ്ച് പവൻ മാത്രമാണ് നൽകിയതെന്ന് നാട്ടിക എം എൽ എ ഗീത ഗോപി സി പി ഐക്ക് വിശദീകരണം നൽകി. ഇതിൽ 25 പവനും നൽകിയത് ബന്ധുക്കളാണെന്നും വിവാഹത്തിനുള്ള ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗീതാ ഗോപി വിശദീകരിച്ചു. ഇരുന്നൂറ് പവനിലേറെ സ്വർണാഭരണങ്ങളണിഞ്ഞ് നിൽക്കുന്ന ഗീതാ ഗോപിയുടെ മകളുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എം എൽ എയോട് സി പി ഐ നേതൃത്വം വിശദീകരണം തേടിയത്.

നാട്ടിക സംവരണ മണ്ഡലത്തിൽ നിന്ന് രണ്ടു തവണയായി തെരഞ്ഞെടുക്കപ്പെട്ട് എം എൽ എയാണ് ഗീതാഗോപി. 2004ലും 2009ലും ഗുരുവായൂർ നഗരസഭാ ചെയർപേഴ്സണായിരുന്നു. സി പി ഐ ജില്ലാകമ്മിറ്റി അംഗവും, മഹിളാസംഘം സംസ്ഥാന ഉപാധ്യക്ഷയുമാണ്. ഭർത്താവ് ഗോപി ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഗീതാ ഗോപിയുടെ മകൾ ശിൽപയുടെ വിവാഹം.

തൊട്ടടുത്ത ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ വിരുന്നിൽ മന്ത്രി വി എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. നേതാക്കളിൽ നിന്നു തന്നെയാണ് ആർഭാട വിവാഹത്തെപ്പറ്റിയുള്ള വിവരം ആദ്യം പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ ഗീതാ ഗോപിക്കും പാർട്ടിക്കും രൂക്ഷവിമർശനം നേരിടേണ്ടി വന്നു.