മനസ്സറിയും ഇയര്‍ഫോണ്‍: മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തം ലോകശ്രദ്ധയിലേയ്ക്ക്

0
119
മനുഷ്യന്റെ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തി മാനസികാവസ്ഥ  തിരിച്ചറിയാനാവുന്ന തരത്തില്‍ മലയാളി വിദ്യാര്‍ഥി നിതിന്‍ വസന്ത് വികസിപ്പിച്ചെടുത്ത ഇയര്‍ഫോണ്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍  അവതരിപ്പിക്കപ്പെട്ട, ന്യൂറോ ബഡ്‌സ് എന്ന് പേരിട്ടിട്ടുള്ള മനസ്സു വായിക്കുന്ന ഈ സ്മാര്‍ട് ഈയര്‍ ഫോണുകള്‍ ഇന്റല്‍, ബോഷ് എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് വികസിപ്പിക്കുന്നത്. താമസിയാതെ ഇത് ഉല്പന്നമായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ നിതിന്‍ വസന്തിന് പ്രശസ്തമായ രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടിക്കൊടുത്ത കണ്ടുപിടിത്തമാണിത്. ഈ ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് നിതിന്‍ സിലിക്കണ്‍ വാലിയിലെത്തിയത്.
തലച്ചോറിന്റെ പ്രവര്‍ത്തനവും ഹൃദയമിടിപ്പിന്റെ നിരക്കുമെല്ലാം വ്യക്തമായി അറിയാന്‍ ന്യൂറോ ബഡ്‌സിന് കഴിയുമെന്ന് നിതിന്‍ പറഞ്ഞു. ന്യൂറോ ബഡ്‌സ് തരുന്ന വിവരങ്ങളില്‍നിന്ന് ഒരാളിന്റെ മാനസിക സമ്മര്‍ദത്തിന്റെ തോത് അറിയാനാകും. അതിനനുസരിച്ച് ആവശ്യമായ വിശ്രമം ക്രമീകരിക്കാം. പല തൊഴില്‍ മേഖലകളിലും ജീവനക്കാര്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന ഇക്കാലത്ത്  മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന മികച്ച ഉപകരണമായി ന്യൂറോ ബഡ്‌സ് പ്രയോജനപ്പെടുത്താനാവുമെന്നും നിതിന്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദില്‍ ഈയിടെ നടന്ന മേക്കര്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചപ്പോഴാണ്  ഈ ഉല്പന്നം നിതിന് രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടികൊടുത്തത്. ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട  പത്തു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു നിതിന്‍. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന സ്മാര്‍ട് വാച്ചുകളുടെ വിലയ്ക്ക് സമീപഭാവിയില്‍ ന്യൂറോ ബഡ്‌സ് ലഭിക്കും. ഉപകരണത്തിന് കൂടുതല്‍ സൂക്ഷ്മതയും കൃത്യതയും നല്‍കാനുള്ള ശ്രമങ്ങള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിതിന്റെ ന്യൂറോ ടെക് ലാസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ പുരോഗമിക്കുകയാണ്.
ഹൈദരാബാദില്‍ നടന്ന ഇന്റല്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കെടുത്തപ്പോള്‍ എന്‍ജിനീയറിംഗ് വിദഗ്ധരുമായുണ്ടായ ആശയവിനിമയങ്ങള്‍  ന്യൂറോ ബഡ്‌സിലെ  മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചു. ബാംഗളൂരുവില്‍ നടക്കുന്ന ബോഷ് ആക്‌സിലററേറ്ററില്‍ ബോഷുമായി പാര്‍ട്‌നര്‍ഷിപ്പില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതിലൂടെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു വേഗം പകരാനായി.
സ്വന്തം മാനസികനിലയും സമ്മര്‍ദവുമെല്ലാം ഉപഭോക്താക്കള്‍ക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്ന രീതിയിലാണ് ന്യൂറോ ബഡ്‌സിന്റെ പ്രവര്‍ത്തനമെന്ന് നിതിന്‍ ചൂണ്ടിക്കാട്ടി. അപസ്മാരം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയാന്‍  സഹായിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിനും ന്യൂറോ ബഡ്‌സ് ഉപകാരപ്പെടുമെന്ന് നിതിന്‍ പറയുന്നു.
സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റും സീരിയല്‍ ഏഞ്ചല്‍ ഇന്‍വെസ്റ്ററുമായ ആഷ ജഡേജ മോട്‌വാനി തന്റെ ഭര്‍ത്താവ്, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍  പ്രഫസറും ഗൂഗിള്‍ ഉള്‍പ്പെടെ സിലിക്കണ്‍ വാലിയിലെ നൂറിലേറെ സ്റ്റാര്‍ട്ടപ്പുകളുടെ ഗവേഷണ പങ്കാളിയുമായിരുന്ന അന്തരിച്ച രാജീവ് മോട്‌വാനിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ആര്‍സി ഫെലോഷിപ്. ലോകപ്രശസ്തമായ കലിഫോര്‍ണിയ മേക്കര്‍ ഫെയറിന്റെ മാതൃകയില്‍ ഇന്ത്യയിലും മേക്കര്‍ ഫെയറുകള്‍ക്ക് തുടക്കം കുറിച്ച ആഷ മോട്‌വാനിയുടെ ലക്ഷ്യം രാജ്യത്തെ പ്രതിഭാസമ്പന്നരായ യുവ സംരംഭകര്‍ക്ക് പ്രോല്‍സാഹനമേകുക എന്നതായിരുന്നു.
സിലിക്കണ്‍ വാലിയിലെ ലോകോത്തര സ്റ്റാര്‍ട്ടപ്പുകളും ഗവേഷണ ലബോറട്ടറികളുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഫെലോഷിപ്പ് വഴിയുണ്ടായ നേട്ടമെന്ന് നിതിന്‍ പറയുന്നു.  സ്റ്റാര്‍ട്ടപ്പുകളില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള വ്യക്തികളെ അവിടെവച്ച് അടുത്തറിയാന്‍ കഴിഞ്ഞു. വാലിയിലെ തൊഴില്‍ സംസ്‌കാരം മനസ്സിലാക്കാനും നിക്ഷേപകരുടെ ശൃംഖലയുമായി ബന്ധമുണ്ടാക്കാനും കഴിഞ്ഞു. പരസ്പരം സഹായിക്കുക എന്ന സിലിക്കണ്‍ വാലിയുടെ മഹിമയും തിരിച്ചറിയാനായെന്ന് നിതിന്‍ ചൂണ്ടിക്കാട്ടി.
ഫെലോഷിപ്പിന്റെ ഭാഗമായി, ഈ സംരംഭകര്‍ ലോകത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈ (ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ ഇന്‍ എജ്യുക്കേഷന്‍) കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയും ചെയ്തു.  അവരുടെ കണ്ടുപിടിത്തങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ഉല്‍പാദക മേളയായ മേക്കര്‍ ഫെയര്‍ 2017-ലും അവതരിപ്പിക്കപ്പെട്ടിരുന്നു.