മഴ നിയമം തുണച്ചു, പാകിസ്ഥാന് ജയം

0
141

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ പാകിസ്ഥാന് ജയം. മഴ മൂലം പാക് ഇന്നിങ്ങ്‌സിൽ 27 ഓവർ മാത്രം എറിയപ്പെട്ടപ്പോൾ മഴ നിയമപ്രകാരം 19 റൺസിനാണ് പാകിസ്ഥാൻ ജയം നേടിയത്. വിജയിക്കാൻ ചുരുങ്ങിയത് 101 റൺസ് വേണ്ട സ്ഥാനത്ത് പാകിസ്ഥാൻ സ്‌കോർ ബോർഡിൽ മഴ സമയത്ത് 119 റൺസ് ഉണ്ടായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിൽ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്ഥാനും രണ്ടു പോയിന്റ് വീതമായി.
ഇന്ത്യയ്‌ക്കെതിരെ ദയനീയമായി തോറ്റ പാകിസ്ഥാന് ടൂർണമെന്റിൽ പിടിച്ചു നിൽക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി ജയം അനിവാര്യം ആയിരുന്നു. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ സെമി ഉറപ്പിക്കാനുള്ള മത്സരവും. ഇന്ടയ്ക്കു എതിരായി എഴുപതു റൺസ് വഴങ്ങി നാണം കേട്ട യുവ പേസ് ബൌളർ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി മിന്നും പ്രകടനത്തിലൂടെ കളി നിയന്ത്രിച്ചത്. പതിനേഴാം ഓവറിൽ പന്തെടുത്ത ഹസൻ മധ്യ ഓവറുകളിൽ വീണ ഡ്യൂപ്ലീസി, ഡ്യൂമിനി, പാർണൽ എന്നിവരുടെ വിക്കറ്റുകൾ എല്ലാം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു.
220 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശുമ്പോൾ പോലും പാകിസ്ഥാൻ ബാറ്റിംഗ് നിര ഒട്ടും ആത്മവിശ്വാസത്തോടെ അല്ല ക്രീസിൽ നിന്നത് എന്ന് വ്യക്തം. ഓപ്പണർ അസർ അലി തട്ടിയും മുട്ടിയുമാണ് ക്രീസിൽ സമയം ചിലവിട്ടത്. 23 പന്തിൽ 31 റൺസ് എടുത്ത സഹ ഓപ്പണർ ഫഖർ സമൻ മടങ്ങുമ്പോൾ പാക് ഇന്നിങ്ങ്‌സ് 7.2 ഓവർ മാത്രമാണ് പിന്നിട്ടിരുന്നത്. സ്‌കോർ ബോർഡിൽ 40 റൺസും. അതേ ഓവറിൽ തന്നെ ക്രീസിലെ അസറിന്റെ ബോറടിക്ക് അറുതി വരുത്തി മോൺ മോര്‌കേൽ രണ്ടാം വിക്കറ്റും വീഴ്ത്തി. മൂന്നാം വിക്കറ്റിൽ ബാബർ അസമും ( പുറത്താകാതെ 31), മുഹമ്മദ് ഹഫീസും (26) ചേർന്ന് സമ്മാനിച്ച 52 റൺസുകൾ ആണ് മഴ നിയമം പ്രയോഗിക്കപെട്ടാൽ പോലും ജയിക്കുമെന്ന നിലയിലേക്ക് പാകിസ്ഥാനെ എത്തിച്ചത്. ഹഫീസ് മടങ്ങിയെങ്കിലും ശുഹൈബ് മാലിക് (പുറത്താകാതെ 16) ബാബർ അസമിനൊപ്പം ദ്രുതഗതിയിൽ റൺ ചേർത്തു മ,അഴ പെയ്യുമ്പോഴേക്കും വിജയം ഉറപ്പിച്ചു.
75 റൺസുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 200 കടത്തിയത്. 104 പന്തിൽ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും പായിച്ച മില്ലർക്ക് മികച്ച കൂട്ടുനൽകാൻ ആർക്കുമായില്ല. ഹാഷിം അംല (16), ക്വിൻറൺ ഡികോക് (33), ക്യാപ്റ്റൻ അബ്രഹാം ഡിവില്ലിയേഴ്‌സ് (പൂജ്യം), ഫാഫ് ഡ്യൂപ്ലെസി (26), ജെ.പി. ഡ്യൂമിനി (എട്ട്), വെയ്ൻ പാർനൽ (പൂജ്യം), ക്രിസ് മോറിസ് (28), കാഗിസോ റബാദ (26) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോർ. ആറിന് 118 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മോറിസിനെയും റബാദയെയും കൂട്ടുപിടിച്ച് മില്ലർ കരകയറ്റുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള അംലയും ഡികോക്കും സൂക്ഷ്മതയോടെയാണ് തുടങ്ങിയത്. പാക് ഇടങ്കയ്യൻ ന്യൂബാൾ ബൗളർമാരായ ആമിറും ജുനൈദും കൃത്യതയോടെ പന്തെറിഞ്ഞതോടെ ഇരുവർക്കും വേഗത്തിൽ സ്‌കോർ ചെയ്യാനായില്ല. ഒമ്പതാം ഓവറിൽ സ്‌കോർ 40ലെത്തിയപ്പോൾ അംലയും 14ാം ഓവറിൽ 60ലെത്തിനിൽക്കെ ഡികോക്കും പുറത്തായി. പേസർമാർ വരിഞ്ഞുമുറുക്കിയശേഷം സ്പിന്നർമാരാണ് രണ്ടു പേരെയും പുറത്താക്കിയത്.
20 പന്തിൽ രണ്ടു ബൗണ്ടറി പായിച്ച അംലയെ ഇമാദ് വസീമും 49 പന്തിൽ രണ്ടു ഫോറടിച്ച ഡികോക്കിനെ ഹഫീസും വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ നായകൻ ഡിവില്ലിയേഴ്‌സ് മടങ്ങിയതാണ് ദക്ഷിണാഫ്രിക്കയെ തളർത്തിയത്. വസീമിന്റെ പന്തിൽ ഹഫീസിന് പിടികൊടുത്തായിരുന്നു മടക്കം. ആദ്യ മൂന്നു വിക്കറ്റും സ്പിന്നർമാർ നേടിയപ്പോൾ പിന്നീട് രംഗം പേസർ ഹസൻ അലി ഏറ്റെടുത്തു.സ്‌കോർ 90ൽ എത്തിയപ്പോൾ ഡുപ്ലെസി, അലിയുടെ പന്ത് വിക്കറ്റിലേക്ക് വലിച്ചിടുകയായിരുന്നു. സ്‌കോർ 118ൽ എത്തിയപ്പോൾ അലി എതിരാളികൾക്ക് ഇരട്ട പ്രഹരമേൽപിച്ചു. ജെ.പി. ഡ്യൂമിനിയും വെയ്ൻ പാർനലും അടുത്തടുത്ത പന്തുകളിൽ പുറത്ത്. ഡ്യൂമിനിയെ ബാബർ അസാമിന്റെ കൈകളിലെത്തിച്ച അലി പാർനലിന്റെ കുറ്റി പിഴുതു. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന മില്ലറും മോറിസുമാണ് ദക്ഷിണാഫ്രിക്കയെ തരക്കേടില്ലാത്ത സ്‌കോറിലേക്ക് നയിച്ചത്.