യു.ഡി.എഫ് മദ്യനയം പരാജയം, പുതിയനയം വേണം – എൽ.ഡി.എഫ്

0
125

യു.ഡി.എഫ് സർക്കാറിന്റെ മദ്യനയം തീർത്തും പരാജയമായിരുന്നെന്നും ഇടതുപക്ഷ സർക്കാറിന്റെ പുതിയ മദ്യനയം എത്രയുംവേഗം പ്രഖ്യാപിക്കണമെന്നും എൽ.ഡി.എഫ്. തിരുവനന്തപുരത്തു എല്‍.ഡി.എഫ് യോഗത്തിന് ശേഷം കണ്‍വീനര്‍  വൈക്കം വിശ്വൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.ഡി.എഫ് ഈ കാലയളവിലെ കണക്കെടുത്താൽ മദ്യത്തിന്റെ ഉപഭോഗം കൂടിയതായി കാണാം. അതിനാൽ മദ്യനയം പൊളിച്ചെഴുതേണ്ടതുണ്ട്. ലോകത്തെവിടെയും മദ്യനിരോധനം ഗുണം ചെയ്തിട്ടില്ല.നിലവിൽ പ്രവർത്തിക്കുന്ന ബിയർ വൈൻ പാർലർ ലൈസൻസുകൾ നിയമപരമാണെങ്കിൽ പുതുക്കി നൽകണം. ഭാവിയിൽ ത്രി സ്റ്റാറിനും അതിനു മുകളിലും ബാർ ലൈസൻസുകൾ നൽകാവുന്നതാണ്. സുപ്രീം കോടതി വിധി പ്രകാരം ദേശീയ പാതയോരത്ത് നിന്ന് 500 മീറ്റർ മാറി ബിയർ വൈൻ പാർലറുകൾ പ്രവർത്തിക്കാൻ അനുമതി കൊടുക്കണം.

ഇതിനായി അതത് താലൂക്കിനകത്ത് വൃത്തിയുള്ള ഇടങ്ങളിലേക്ക് പാർലറുകളും മദ്യഷാപ്പുകളും മാറ്റി സ്ഥാപിക്കാൻ അനുവദിക്കാമെന്നും എൽ.ഡി.എഫ് യോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.മദ്യനിരോധനത്തിന് പകരം മദ്യവർജനത്തിന് മുൻതൂക്കം നൽകാൻ എൽ.ഡി.എഫ് യോഗം സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യവർജനത്തിനായുള്ള നടപടികൾ സർക്കാർ എടുക്കണം.അതുപോലെ മയക്കുമരുന്നിന്റെ തള്ളിക്കയറ്റം, വ്യാജമദ്യം തുടങ്ങിയവ തടയാനും നടപടികൾ ആവശ്യമാണ്. ബഹുജനങ്ങളുടെ സഹായത്തോടെ മദ്യവർജന ബോധവൽക്കരണ സംവിധാനം ഏർപ്പെടുത്താനാണ് എൽ.ഡി.എഫ് നിർദേശിച്ചിരിക്കുന്നത്.മദ്യാസക്തിക്കെതിരായും മയക്കുമരുന്നിനെതിരായും സാക്ഷരതാ പ്രവർത്തനത്തിന്റെ മാതൃകയിലുള്ള വിമുക്തി സംവിധാനം ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.