യെച്ചൂരിക്കെതിരായ ആക്രമണം: പ്രതികൾക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം

0
90

സിപിഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിൽവച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഹിന്ദുസേനാ പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് ചുമത്തിയത് നിസാരകുറ്റം. അതിക്രമിച്ചു കടന്നതിനും ആസൂത്രിത ആക്രമണം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾക്ക് ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും.

ബുധനാഴ്ചയാണ് എകെജി ഭവനിൽ കയറി ഹിന്ദുസേനാ പ്രവർത്തകർ യെച്ചൂരിയെ ആക്രമിച്ചത്. പൊളിറ്റ്ബ്യൂറോ (പിബി) യോഗ തീരുമാനങ്ങൾ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യെച്ചൂരി എത്തുന്നതിനു തൊട്ടുമുൻപാണു സംഭവം. ഉപേന്ദ്ര കുമാർ, പവൻ കൗൾ എന്നിവർ പിന്നിൽ നിന്നു ‘സിപിഎം മൂർദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് അക്രമികളും സിപിഎം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാൾ യെച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

സിപിഎം മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യിൽ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിനു പ്രകാശ് കാരാട്ടിനും സിപിഎമ്മിനുമെതിരെയായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നു ഹിന്ദു സേന പിന്നീടു വ്യക്തമാക്കി. സംഭവത്തിനെതിരെ രാഷ്ട്രീയ കക്ഷിഭേദമന്യേ നേതാക്കൾ രംഗത്തെത്തിയിരുന്നു.