രാഹുൽ ഗാന്ധി പോലീസ് കസ്റ്റഡിയിൽ

0
127

കര്‍ഷക പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ട, മധ്യപ്രദേശിലെ മാന്‍സോറില്‍ പ്രവേശിക്കാനുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് മാന്‍സോറിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ്, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ നേതാക്കളേയും രാഹുലിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണുന്നതില്‍ നിന്ന് തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ തടയുകയാണെന്ന് പൊലീസ് കസ്റ്റഡിയില്‍ ആകുന്നതിന് മുമ്പ് രാഹുല്‍ പറഞ്ഞു.

കടാശ്വാസവും വിളകള്‍ക്ക് ന്യായവിലയും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒന്നിന് പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകസമരം ആരംഭിച്ചത്. ഇതിന് നേര്‍ക്കാണ് പൊലീസ് വെടിവയ്പുണ്ടായത്. സമരത്തില്‍ കടന്നുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് തിരുത്തി പൊലീസാണ് വെടിവച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാന്‍സോര്‍ ജില്ലാ കളക്ടറെയും പൊലീസ് ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്.