സർക്കാരിന്റെ പുതിയ മദ്യനയം; രൂക്ഷ വിമർശനവുമായി കോൺഗ്രസും ബിജെപിയും

0
170

എൽ‍ഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധവുമായി നേതാക്കൾ… നേതാക്കളുടെ പ്രതികരണങ്ങള്‍…

ഉമ്മൻചാണ്ടി

നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എൽഡിഎഫ് സർക്കാരിന്റെ മദ്യനയമെന്നു മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്രമാറ്റമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എം.എം.ഹസൻ

ഇടതുമുന്നണി യോഗം അംഗീകരിച്ച മദ്യനയത്തെ ശക്തമായി എതിർക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. തിരഞ്ഞെടുപ്പുകാലത്തു മദ്യമുതലാളിമാർക്കു നൽകിയ വാഗ്ദാനം പാലിക്കാനാണു യുഡിഎഫിന്റെ മദ്യനയം അട്ടിമറിച്ചു എൽഡിഎഫ് പുതിയ നയം കൊണ്ടുവരുന്നത്. തീരുമാനത്തിനുപിന്നിൽ വ്യാപക അഴിമതിയുണ്ട്. മദ്യലോബിയുമായുള്ള എൽഡിഎഫിന്റെ അവിശുദ്ധ ബന്ധത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു തയാറാകുമെന്നും ഹസൻ പറഞ്ഞു.

കുമ്മനം രാജശേഖരൻ

കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണു പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണു പുതിയനയം.മദ്യ ഉപയോഗം കുറയ്ക്കുമെന്നുപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായിരുന്ന മദ്യലഭ്യത ഇപ്പോള്‍ സാര്‍വത്രികമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ത്രീ സ്റ്റാറില്‍ വിദേശമദ്യം മാത്രമല്ല കള്ളും നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു. പൂട്ടിയ ബാറുകള്‍ക്കു മുഴുവന്‍ അതതു താലൂക്കില്‍ ലൈസന്‍സു നല്‍കാൻ തീരുമാനിച്ചതും അപലപനീയമാണെന്നു കുമ്മനം പറഞ്ഞു.