അനുയാത്ര പദ്ധതിയുടെ നിർവഹണോദ്ഘാടനം ജൂൺ 12ന് ഉപരാഷ്ട്രപതി നിർവഹിക്കും

0
144

കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കാമ്പയിനായ’അനുയാത്ര (Walking Together)യുടെ നിർവഹണോദ്ഘാടനം ജൂൺ 12ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നിർവഹിക്കും. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ െവെകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ, വി.എസ്. ശിവകുമാർ എം.എൽ.എ, നഗരസഭാ മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി റാണി ജോർജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും. 22 അനുബന്ധ പദ്ധതികളടങ്ങിയ അനുയാത്ര കാമ്പയിൻ, അംഗപരിമിതരുടെ അവകാശങ്ങളിലധിഷ്ഠിതമായ സമഗ്ര ജീവിതചക്ര സമീപനമാണ് സ്വീകരിച്ചിട്ടുളളത്. സാമൂഹ്യനീതിവകുപ്പും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി വിവിധവകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാജിക് പരിശീലനം നേടിയ 23 ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളായിരിക്കും കാമ്പയിന്റെ അംബാസിഡർമാർ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള ദി അക്കാദമി ഓഫ് മാജിക്കൽ സയൻസസിൽ ‘എം പവർ’ എന്ന പരിപാടിയിലൂടെ പരിശീലനം നേടിവന്ന ഈ കുട്ടികളുടെ മാജിക് പരിപാടിയുടെ അരങ്ങേറ്റവും ഇവരെ അനുയാത്രയുടെ അംബാസിഡർമാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. വൈകല്യങ്ങൾ പ്രതിരോധിക്കുന്നത് മുതൽ സുസ്ഥിരമായ പുനരധിവാസം വരെ ഉൾപ്പെടുന്ന പ്രവർത്തനങ്ങളാണ് അനുയാത്രയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഗർഭധാരണത്തിന് മുമ്പ് തന്നെ വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ കുത്തിവെപ്പുകൾ, കുട്ടികൾ ജനിച്ച ഉടൻ തന്നെ സ്‌ക്രീനിംഗ്, എല്ലാ ജില്ലകളിലും സുസജ്ജമായ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ ആരംഭിക്കൽ, നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളുടെ ശാക്തീകരണം, നവജാത ശിശുക്കളുടെ കേൾവി പരിശോധന, സഞ്ചരിക്കുന്ന സേവന യൂണിറ്റുകൾ, മെഡിക്കൽ കോളേജുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ഉയർന്ന നിലവാരമുള്ള മറ്റ് സ്ഥാപനങ്ങളിലും ഓട്ടിസം സെന്ററുകൾ സ്ഥാപിക്കൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി സ്പെഷ്യൽ അങ്കണവാടി തുടങ്ങിയ നടപ്പാക്കും. നവജാത ശിശുക്കളെ സമഗ്രമായ സ്‌ക്രീനിംഗിന് വിധേയമാക്കി സ്‌ക്രീനിംഗ് ചാർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിനായി ജെ.പി.എച്ച്.എൻ മാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും ബുദ്ധിപരമായ വെല്ലുവിളികൾ നേരത്തെതന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇതിന് അനുബന്ധമായി മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആയിരം കുട്ടികൾക്ക് ഒന്ന് എന്ന തോതിൽ മാതൃക ശിശു പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അംഗപരിമിതരെ ‘സ്വാവലംബൻ’ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താനായി അവരുടെ ഗുണഭോക്തൃവിഹിതം സർക്കാർ വഹിക്കും. അർഹരായ എല്ലാ അംഗപരിമിതർക്കും യു.ഡി.ഐ.ഡി കാർഡ് നൽകും. കൂടാതെ അംഗപരിമിതർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത കോൾ സെന്ററും പദ്ധതിയിലൂടെ യാഥാർഥ്യമാവും.