അസ്താനയില്‍ മോദി നവാസ് ശരീഫ് കൂടിക്കാഴ്ച

0
107

പതിനേഴു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാഖ്‌സ്താനിലെ അസ്താനയിലെത്തിയപ്പോഴാണ് മോദി ശരീഫുമായി കുശലാന്വേഷണം നടത്തിയത്. ഇരു രാജങ്ങളും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് നയതന്ത്രപ്രാധാന്യം ഒന്നുമില്ലെങ്കിലും ബന്ധം വേണമെങ്കില്‍ മെച്ചപ്പെടുത്താം എന്ന സൂചന കൈമാറുന്നതായി ഈ ഹ്രസ്വ ഇടപെടല്‍.

രാഷ്ട്രത്തലവന്മാരുടെ ബഹുമാനാർഥം കസാഖ്‌സ്താൻ പ്രസിഡൻറ് നൂർ സുൽത്താൻ നസർബയേവ് നൽകിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ നവാസ് ശരീഫിന്റെ ആരോഗ്യത്തെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞു. നവാസ് ശരീഫിന്റെ മാതാവിനെയും കുടുംബത്തെയും കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അതേസമയം, മോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ഇരു രാഷ്ട്രത്തലവന്മാരും ചർച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു നിർദേശം രണ്ടു ഭാഗത്തുനിന്നും ഇപ്പോഴില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ലെ പറഞ്ഞു.
നരേന്ദ്ര മോദി, നവാസ് ശരീഫ്, റഷ്യൻ പ്രസിഡൻറ് വ്‌ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് തുടങ്ങിയ രാഷ്ട്രത്തലവന്മാർക്കാണ് കസാഖ്‌സ്താൻ പ്രസിഡൻറ് വിരുന്ന് നൽകിയത്.  മധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ എസ്.സി.ഒയിൽ ഇന്ത്യക്കും പാകിസ്താനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ചൈന, കിർഗിസ്താൻ, കസാഖ്‌സ്താൻ, റഷ്യ, ഉസ്ബകിസ്താൻ, തജികിസ്താൻ എന്നീ രാജ്യങ്ങളാണ് മറ്റ് അംഗങ്ങൾ.