ആലുവ സുരക്ഷിതമല്ല; മെട്രോ ഉദ്ഘാടനം കലൂരിൽ

0
129

കൊച്ചി: സുരക്ഷാ കാരണങ്ങളെത്തുടർന്ന് കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാനം ആലുവയിൽനിന്നും കലൂർ സ്‌റ്റേഡിയത്തിലേയ്ക്ക് മാറ്റി. ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി എസ്പിജി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആലുവ അത്ര സുരക്ഷിതമല്ല എന്ന കണ്ടെത്തലാണ് ചടങ്ങുകൾ കലൂരിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശമുയർന്നത്.

നേരത്തെ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിദേശ പര്യടനത്തിലായിരുന്ന പ്രധാനമന്ത്രി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോ റെയിൽ ഉദ്ഘാടനം ചെയ്യുമെന്ന മന്ത്രി കടംപിള്ളി സുരേന്ദ്രൻ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ കടകംപിള്ളിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മെട്രോ റെയിലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടർന്ന് ഉദ്ഘാടനം നീട്ടിവെയ്ക്കുകയായിരുന്നു.