ആർഎസ്എസ് – സംഘപരിവാർ ആക്രമണം : എൽ ഡി എഫ് പ്രതിഷേധ കൂട്ടായ്മ 12ന്

0
120

ഡൽഹിയിൽ സിപിഐ എം ഓഫിസായ എകെജി ഭവനിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചതിലും സംസ്ഥാനവ്യാപകമായി ആർഎസ്എസ് സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും എൽഡിഎഫ് നേതൃത്വത്തിൽ ജൂൺ 12ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാകേന്ദ്രങ്ങളിലാണ് പ്രതിഷേധകൂട്ടായ്മയെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു.

സീതാറാം യെച്ചൂരിയെ ആക്രമിച്ച ആർ എസ് എസുകാരെ നിസ്സാരവകുപ്പുകൾ ചുമത്തി കേസെടുത്ത് വിട്ടയച്ചത് ഉന്നതതലഗൂഢലോചനയുടെ ഭാഗമായാണ് ആക്രമണമെന്ന് വ്യക്തമാക്കുന്നു. ഈ നടപടി ഉടൻ തിരുത്തണം. രാജ്യസഭയിലെ സി.പി.ഐ എം നേതാവ് കൂടിയായ യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾക്ക് മതിയായ സംരക്ഷണം നൽകേണ്ട ഡൽഹി പൊലീസ് സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായി അധ:പതിച്ചിരിക്കുകയാണ്.

പാർടി പൊളിറ്റ് ബ്യൂറോയോഗം ചേരുന്ന സാഹചര്യത്തിൽ എകെജി ഭവനിൽ ആർ എസ് എസ് അക്രമം ഉണ്ടാകുമെന്ന കേരളാ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും അറിയിച്ചിട്ടും അവഗണിച്ചത് ഗൌരവത്തോടെ കാണണം. ഈ സംഭവത്തിനു പിന്നാലെ കേരളത്തിൽ വ്യാപകമായി ആർഎസ്എസ്സുകാർ ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാൻ ലക്ഷ്യമിട്ട് ജില്ലാകമ്മറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. തലനാരിഴക്കാണ് പി മോഹനൻ രക്ഷപ്പെട്ടത്. പലയിടത്തും പാർടി ഓഫീസുകൾ തകർത്തു. കൊടിമരങ്ങളും മറ്റും നശിപ്പിച്ചു. ആർ എസ് എസ് തേർവാഴ്ചക്കെതിരെ ജനമന:സാക്ഷി ഉണരണം. മുഴുവൻ ജനാധിപത്യമതനിരപേക്ഷ വിശ്വാസികളും ഈ ആക്രമണങ്ങൾക്കെതിരെ രംഗത്തുവരണം. 12ൻറെ പ്രതിഷേധകൂട്ടായ്മയിൽ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്നും വൈക്കം വിശ്വൻ അഭ്യർഥിച്ചു .