എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് കെഎസ്ആർടിസി

0
99

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും എം പാനൽ (താൽക്കാലിക ജീവനക്കാർ) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ആലുവ, മാവേലിക്കര, കോഴിക്കോട്, എടപ്പാൾ തുടങ്ങിയ റീജനൽ വർക് ഷോപ്പുകളിലെ ജീവനക്കാരോട് ശനിയാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്നാണ് ഉത്തരവ്. പത്തുവർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് നടപടി.

മാവേലിക്കര റീജിനൽ വർക്ഷോപ്പിലെ എം പാനൽ ജീവനക്കാരായ 65 പേരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടിയാണു നടപടി. ആലുവയിൽ 55 പേരെയും പിരിച്ചുവിട്ടു. കോഴിക്കോട്, എടപ്പാൾ എന്നിവിടങ്ങളിലും ജീവനക്കാർക്കെതിരെ നടപടിയുണ്ടായി.

ജീവനക്കാർക്ക് ലഭിച്ച നിർദേശത്തിൽ നിന്ന്:

‘കെഎസ്ആർടിസിയിൽ നിലവിൽ ഷാസികളുടെ ലഭ്യത കുറവിനാലും കാര്യാലയത്തിലെ ബസ്‌ബോഡി നിർമാണം നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള എംപാനൽ ജീവനക്കാരെ മാറ്റുന്നു. 06-06-2017ന് കേന്ദ്രകാര്യാലയത്തിൽ വച്ച് നടത്തിയ അവലോകന യോഗത്തിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒഴിയുന്ന ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി പാസ്, ബയോമെട്രിക് ഐഡി കാർഡ് എന്നിവ പാസ് സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്’.