ചാമ്പ്യൻസ് ട്രോഫി : സെമിയിലേക്കുള്ള വഴി ഇങ്ങനെ

0
131

എയ്ജലോ മാത്യൂസിൻറെ നേതൃത്വത്തിലുള്ള ലങ്കൻ നിര ഇന്ത്യയെ അട്ടിമറിച്ചതോടെ ചാമ്പ്യൻസ് ട്രോഫിയിൽ മരണഗ്രൂപ്പായി മാറുകയാണ് ഇന്ത്യ കൂടി ഉൾപെട്ട ഗ്രൂപ്പ് ബി. അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത് ആതിഥേയരായ ഇംഗ്ലണ്ട് മാത്രം. ഇനിയുള്ള ഏഴു ടീമുകൾക്കും സെമി പ്രവേശം വേണമെങ്കിൽ സാധ്യം, അങ്ങനെ പ്രതീക്ഷയുടെയും സാധ്യതകളുടെയും നൂൽപാലത്തിലൂടെയാണ് അവസാന ഗ്രൂപ്പ് മത്സരത്തിനൊരുങ്ങുമ്പോൾ ടീമുകളുടെ പ്രയാണം.

ഗ്രൂപ്പ് എ

ഇംഗ്ലണ്ട് രണ്ടു ജയവുമായി സെമി ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ളത് ഓസീസുമായുള്ള അവസാന ഗ്രൂപ്പ് മത്സരം. അതിന്റെ ഫലം എന്തായാലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരു പ്രശ്‌നമല്ല . എന്നാൽ ഓസീസിന് നിർണായകവും ജീവന്മരണ പോരാട്ടവും ആണ് താനും. ഓസ്‌ട്രേലിയ ഇതിനകം തന്നെ ഏറെക്കുറെ സെമി ഉറപ്പാക്കേണ്ട ടീം ആയിരുന്നു. ബംഗ്ലാദേശിനെതിരെ ജയിക്കാവുന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ മഴ കവർന്നെടുത്ത ഒരു വിലപ്പെട്ട പോയിൻറ് ഇല്ലായിരുന്നുവെങ്കിൽ. ഓസീസിന്റെ ആദ്യ മത്സരവും മഴ കവർന്നിരുന്നു. ഇനി അവസാന മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഓസീസിന് വീട്ടിലേക്കുള്ള പെട്ടി മുറുക്കാം എന്ന നിലയാണ് ഇപ്പോൾ. ഓസീസ് ജയിച്ചാലോ, ബംഗ്ലാദേശും ന്യൂസീലൻഡും തമ്മിലുള്ള മത്സര ഫലത്തിന് പ്രസക്തി ഇല്ലാതെയാകുകയും ചെയ്യും. മഴ മൂലം തടസപെട്ട മത്സരങ്ങളിൽ നിന്നുള്ള ഓരോ പോയിന്റ് സമ്പാദ്യം ഉള്ള ന്യൂസീലൻഡിനും ബംഗ്ലാദേശിനും ആകട്ടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിക്കുകയും ഇംഗ്ലണ്ട് ഓസീസിനെ തോൽപ്പിക്കുകയും ചെയ്താലേ മുന്നോട്ടു പോകാനാകൂ.ജയിച്ചാലും ഓസീസ് ജയിച്ചു പോയിന്റ് നേടിയാൽ കിവീസിനും ബംഗ്ലാ കടുവകൾക്കും മടങ്ങാം.

ഗ്രൂപ്പ് ബി

ഇന്ത്യയെ അട്ടിമറിച്ച ശ്രീലങ്കയാണ് ഗ്രൂപിനെ മരണഗ്രൂപ് ആക്കിയത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ നാല് പേർക്കും രണ്ടു പോയിന്റ് വീതം. മികച്ച റൺ ശരാശരിയുടെ പിൻബലത്തിൽ ഇന്ത്യ ഒന്നാമത്. എന്നാൽ ഇതൊക്കെ അവസാന ഗ്രൂപ്പ് മത്സരം വരെ മാത്രം. മുന്നിൽ ഉള്ളത് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ. ശ്രീലങ്കയ്ക്ക് പാകിസ്ഥാനും. നാല് ടീമുകൾക്കും തുല്യം തുല്യം സാധ്യത. ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം പോലുള്ള ഫീൽ. ആര് തോറ്റാലും പുറത്തു പോകും. ജയിക്കുന്നവർക്ക് അവസാന നാലിൽ ഇടം നേടാം.