തെരേസ മേയുടെ പ്രതീക്ഷകൾ കാറ്റിൽ പറത്തി : ബ്രിട്ടനിൽ തൂക്കുസഭ

0
101

തെരേസ മേയുടെ രാജി ആവശ്യപ്പെട്ട് ലേബർ പാർട്ടി 

തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു

ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വർധിപ്പിക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകൾ കാറ്റിൽ പറത്തി ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൂക്കുസഭ.

പാർലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 641 സീറ്റുകളിലെ ഫലം അറിവായപ്പോൾ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. ഒമ്പത് സീറ്റുകളിലെ ഫലം മാത്രം പുറത്തുവരാനുള്ളപ്പോൾ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള 326 എന്ന മാർജിൻ കൺസർവേറ്റീവുകൾക്ക് കിട്ടില്ല.

കാലാവധി തീരാൻ മൂന്നു വർഷം ശേഷിക്കെയാണ് ഡേവിഡ് കാമറൂണിന്റെ പിൻഗാമിയായി എത്തിയ തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. തിരിച്ചടി നേരിട്ട തെരേസ മേ രാജിവെക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു കഴിഞ്ഞു. സമീപകാലത്ത് മാഞ്ചസ്റ്ററിലും ലണ്ടനിലുമുണ്ടായ സ്ഫോടന പരമ്പരകളാണ് തെരേസ മേയ്ക്ക് തിരിച്ചടി നേരിട്ടതിൽ ഒരു പ്രധാന കാരണമായി വിലയിരുത്തുന്നത്.

ലിബറൽ ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും 10 വീതം സീറ്റുകൾ നേടിയിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിൽ ദേശീയ സുരക്ഷ പ്രധാന വിഷയമാക്കിയാണ് പ്രചാരണം നയിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ മാറി. പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാർലമെന്റ് മണ്ഡലമായ മെയ്ഡൻ ഹെഡിൽ വിജയിച്ചു.

തൂക്കുസഭ ഉറപ്പായതോടെ ബ്രക്സിറ്റ് അടക്കമുള്ള കാര്യങ്ങളിൽ തെരേസ മേയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരും.