പിള്ളസാർ മുക്കിയതും തേടി ആദായനികുതി വകുപ്പ്

0
252

Image result for indian money bundle

നാഗാലാൻഡ് പോലീസിൽ പിള്ളസർ എന്ന് അറിയപ്പെടുന്ന എംകെആർ പിള്ളയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകൾ. കേരളത്തിൽനിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

കേരളം, കർണാടക, നാഗാലൻഡ്, ഡൽഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.

നാഗാലൻഡിൽനിന്ന് ഹവാല വഴി കേരളത്തിലേക്ക് പണം കടത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി നാഗാലൻഡ് പൊലീസിന്റെ വാഹനങ്ങൾ ഉപയോഗിച്ചതായും സംശയിക്കുന്നു. റെയ്ഡിനിടെ പന്തളത്തുനിന്ന് നാഗാലൻഡ് പൊലീസിന്റെ വാഹനവും കണ്ടെത്തിയിരുന്നു.

ജ്വല്ലറികൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വാഹനഷോറൂമുകൾ, പണമിടപാടു സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പുകാരണ് ശ്രീവൽസം ഗ്രൂപ്പ്. കോന്നി, ഹരിപ്പാട് , പന്തളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നത്. എംകെആർ പിള്ളയുടെ മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു.

നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി സർവീസിൽ ചേർന്ന എംകെആർ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. നാഗാലാൻഡിനുള്ള കേന്ദ്രഫണ്ടിൽ ഒരു ഭാഗം സംസ്ഥാന സർവീസിലെ ചില ഉദ്യോഗസ്ഥർ ശ്രീവൽസം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളിൽ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകൾ നടക്കുന്നത്. ഇരുനൂറു കോടിയോളം രൂപയുടെ നിക്ഷേപത്തിന്റെ യഥാർഥ ഉറവിടമാണ് ആദായനികുതി വകുപ്പ് തിരയുന്നത്.