പോപ്പിന് സ്കോച്ചടിക്കാം: വിശ്വാസികൾക്കിട്ട് ആപ്പടിക്കല്ലേ!

0
1003

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ്പും സ്‌കോച്ച് വിസ്‌കി സമ്മാനമായി നൽകുന്ന ചിത്രവുമായാണ് റോയ് മാത്യുവിന്റെ  ഫേസ് ബുക്ക്‌  പോസ്റ്റ്‌

ആഗോള കത്തോലിക്കരുടെ ആത്മീയ പിതാവായ ഫ്രാൻസിസ് മാർപ്പാപ്പ രണ്ടെണ്ണം വീശുന്ന ആളാണെന്നാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത്. അതൊരു തെറ്റല്ലല്ലോ. അദ്ദേഹം ഒരേ സമയം ആത്മീയ പിതാവും രാഷ്ടത്തലവനുമാണ്. 2014 ഏപ്രിൽ 3 ന് അദ്ദേഹത്തെ സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബെത്തും ഭർത്താവ് ഫിലിപ്പും പോപ്പിന് സമ്മാനമായി നൽകിയത് രാജ്ഞിയുടെ ബാൽ മോറൽ എസ്റ്റേറ്റ് വളപ്പിൽ വാറ്റിയെടുത്ത നല്ല ഒന്നാന്തരം സിംഗിൾ മാൾട്ട് ബാൽ മോറൽ സ് കോച്ച് വിസ്കി. പോപ്പിന് വിസ്കി സമ്മാനിച്ചുകൊണ്ട് ഫിലിപ്പ് പറഞ്ഞതിങ്ങനെയാണ് – “അല്ലയോ പരിശുദ്ധ പിതാവെ, അതി മനോഹരമായ ഈ ബാൽ മോറൽ വിസ്കിയിൽ നിന്ന് ഒരു തുള്ളി കുടിച്ചാലും.”
പോപ്പിന് സ്കോച്ച് കിട്ടാനും കൊണ്ടു കൊടുക്കാനും വകുപ്പുണ്ട് – അദ്ദേഹമത് രൂചിക്കട്ടെ. അതൊരു തെറ്റല്ലല്ലോ. എന്നാൽ
പരിശുദ്ധ പിതാവെ,
അങ്ങയുടെ കീഴിലുള്ള കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ ചേർന്ന് ഇവിടെ ആരും മദ്യം കുടിക്കണ്ട, കുടിപ്പിക്കുകയുമില്ല എന്നൊരു അലമ്പ് ഏർപ്പാടുമായി നടക്കയാണ്. ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹമിരിക്കയാണ്. ഈ കെ.സി.ബി സി യുടെ പ്രസിഡന്റും പരമ പരിശുദ്ധനുമായ സൂസാപാക്യം പിതാവ് ഈയടു കാലത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ അച്ചൻമാരുടെ എണ്ണം കൂടിയതുകൊണ്ട് കൂടുതൽ വൈൻ വാറ്റാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് എക്സൈസ് ആപ്പീസിൽ കേറിയിറങ്ങി നടക്കയാണ്.
പാതിരിമാരുടെ എണ്ണം കൂടിയതുകൊണ്ട് വൈനിന്റെ അളവ് കൂട്ടണമെന്ന് പറയുന്ന വല്ല വകുപ്പും കാനോൻ നിയമത്തിലുണ്ടോ പരിശുദ്ധ പിതാവെ.?

പോപ്പിന് സ്കോച്ചടിക്കാമെങ്കിൽ ഇങ്ങ് കേരളത്തിലെ വിശ്വാസികളായ ഞങ്ങൾ വാറ്റുചാരായം പോലും അടിക്കരുതെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? കത്തോലിക്ക സഭ ആഗോള തലത്തിൽ മദ്യത്തിന് എതിരല്ല. ലോകത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് ഒരിക്കലും സഭ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്ത് കഴപ്പിനാണ് കേരളത്തിലെ മെത്രാൻ സമിതി ഇങ്ങനെ ഒരാവശ്യവുമായി ഇറങ്ങിയിരിക്കുന്നത്. നിങ്ങളുടെ പുഴുങ്ങിയ ഉപദേശങ്ങളും സുവിശേഷങ്ങളും കത്തോലിക്കർ കേൾക്കുന്നില്ലെങ്കിൽ അത് നിങ്ങടെ കുറ്റമാണ്. അതിന്റെ പേരിൽ ഞങ്ങളെ പീഡിപ്പിക്കേണ്ട.
ലോകത്ത് മദ്യ വ്യവസായം ആദ്യം ആരംഭിച്ചത് കത്തോലിക്കാ സഭയാണ്. സഭയുടെ കീഴിൽവൈൻ വാറ്റു കേന്ദ്രങ്ങൾ ഉൾപ്പടെ ഇപ്പോഴും ധാരാളം മദ്യ നിർമ്മാണ യൂണിറ്റുകളുണ്ട്..
ഇനി മറ്റൊരു ചരിത്ര സത്യം കൂടി ….
ബോംബെ ആർച്ച് ഡയോസിസിന്റെ അവസാനത്തെ വിദേശിയായ ആർച്ച് ബിഷപ്പും തികഞ്ഞ പുരോഗമന വാദിയുമായിരുന്ന Arch Bishop Thomas d’ Esterre Roberts എന്ന T.D. Roberts, മദ്യനിരോധനത്തെ പരസ്യമായി എതിർത്ത കത്തോലിക്കാ വൈദികനായിരുന്നു.
ഗാന്ധിജി സമ്പൂർണ്ണ മദ്യനിരോധനത്തിനായി പ്രചരണം നടത്തിയ കാലത്ത് മദ്യനിരോധനം പാടില്ലെന്നും, വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കേറ്റമാണെന്നും കാണിച്ച് ആർച്ച് ബിഷപ്പ് റോബർട്ട് സ് ഗാന്ധിജിക്ക് കത്തെഴുതിയിട്ടുണ്ട്. 17 – O6- 1939 ൽ ഇറങ്ങിയ ഹരിജൻ മാസികയിൽ ബിഷപിന്റെ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ഗാന്ധിജിയുടെ മറുപടിയും – [ കോളജ് അധ്യാപകനായ ബോബി കെ. മാത്യുവാണ് ഈ വിവരം എനിക്ക് തന്നത്. ]
1937 മുതൽ 1950 വരെ മുംബൈ ആർച്ച് ബിഷപ്പ് ആയിരുന്നു ഇദ്ദേഹം.
മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ വളരെ പുരോഗമന പരമായ നിലപാടുള്ള കത്തോലിക്കാ സഭയാണ് മദ്യനിരോധനമെന്ന ഉട്ടോപ്യൻ ഏർപാടുമായി ഇവിടെ ഇറങ്ങിയിരിക്കുന്നത്.
സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ സകല മദ്യവും വിൽക്കാം, കുടിക്കാം. സഭയുടെ ആഗോള തലവൻ മാർപ്പാപ്പയും വീശുന്ന സാധനം കേരളത്തിലെ കുഞ്ഞാടുകൾ അടിക്കരുതെന്ന് പറഞ്ഞാൽ കേൾക്കാൻ ഞങ്ങൾക്ക് മനസില്ല പിതാവെ. ആ സുവിശേഷം അങ്ങ് ചുരുട്ടി പരണത്ത് വെച്ചേക്ക് ……