ഫസലിനെ വധിച്ചത് ആർഎസ്എസ്; പ്രതിയുടെ കുറ്റസമ്മതമൊഴി പുറത്ത്

0
133

തലശേരി ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തൽ നടത്തിയ പ്രവർത്തകന്റെ കുറ്റസമ്മതമൊഴി പുറത്ത്.പത്തു വർഷത്തിലധികമായി സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തി വേട്ടയാടുന്ന കേസിന് വഴിത്തിരിവ് നൽകി മാഹി ചെമ്പ്രയിലെ ആർഎസ്എസ് ക്രിമിനൽ എമ്പ്രാന്റവിട ഹൌെസിൽ സുബീഷ് ഒക്ടോബറിൽ പൊലീസിന് മൊഴി നൽകുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫസലിനെ കൊലപ്പെടുത്തിയത് താൻ ഉൾപ്പെടെയുള്ള ആർ എസ് എസ്സിന്റെ നാലംഗ സംഘമെന്നാണ് മൊഴി. ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നുമാണ് വെളിപ്പെടുത്തൽ. മൊഴി സിബിഐയുടെ കണ്ടെത്തലുകൾ തെറ്റെന്ന് തെളിയിക്കുന്നു. ഫസലിന്റെ സഹോദരൻ മൊഴിപ്പകർപ്പ് സിബിഐ കോടതിയിൽ ഹാജരാക്കി.

സിപിഐ എം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻ വധക്കേസിൽ അറസ്റ്റിലായ ഇയാൾ ചോദ്യംചെയ്യലിനിടെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഫസലിനു പുറമെ സിപിഐ എം പ്രവർത്തകരായ കണ്ണവം തൊടീക്കളത്തെ ജി പവിത്രൻ, കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയതിന്റെ യഥാർഥ വിവരങ്ങളും സുബീഷ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി.

2006 ഒക്ടോബർ 22ന് പുലർച്ചെയാണ് എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസലിനെ തലശേരി സൈദാർപള്ളിക്കടുത്ത ജെടി റോഡിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. ആർഎസ്എസ്സാണ് കൊലപാതകം നടത്തിയതെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നു. എൻഡിഎഫും ഈ നിലപാടാണ് ആദ്യം സ്വീകരിച്ചത്. പിന്നീട് ആർഎസ്എസ്സും യുഡിഎഫും ചില പൊലീസ് ഉദ്യാഗസ്ഥരും ചേർന്ന് സംഭവം സിപിഐ എമ്മിന്റെ തലയിൽ വച്ചുകെട്ടുകയായിരുന്നു.

ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയും കേസ് സിപിഐ എമ്മിനെതിരായ ആയുധമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാരായി രാജൻ, തലശേരി ഏരിയാ കമ്മിറ്റി അംഗവും മുൻ തലശേരി നഗരസഭാ ചെയർമാനുമായ കാരായി ചന്ദ്രശേഖരൻ എന്നിവരടക്കം എട്ടുപേരെ പ്രതികളാക്കി.

എൻഡിഎഫും ആർഎസ്എസ്സുമായി സ്ഥലത്ത് സംഘർഷമുായിരുന്നു. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ആർഎസ്എസ് കെട്ടിയ കൊടിതോരണങ്ങൾ എൻഡിഎഫ് നശിപ്പിച്ചതിനെ തുടർന്നായിരുന്നു സംഘർഷം. എൻഡിഎഫുകാർ ആർഎസ്എസ് പ്രാദേശിക നേതാവിനെ മർദിക്കുകയും ആർഎസ്എസ് കാര്യാലയം ആക്രമിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സുബീഷ് കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. നാലുപേരാണ് സംഘത്തിലുണ്ടായത്. പുലർച്ചെ പത്രവിതരണം നടത്തുകയായിരുന്ന ഫസലിനെ വടിവാൾകൊണ്ട് വെട്ടിയും ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.