ബ്രിട്ടനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യഫല സൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലം

0
98

പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും മറികടന്ന് ബ്രിട്ടനിൽ ലേബർ പാർട്ടി മുന്നേറ്റം നടത്തിയേക്കുമെന്ന് ആദ്യഫലസൂചനകൾ. ഇതുവരെ ഫലമറിഞ്ഞ 252 സീറ്റിൽ 122 സീറ്റും ലേബർ പാർട്ടി നേടി. ഭരണകക്ഷിയായ കണസർവേറ്റീവിന് 100 സീറ്റേ ലഭിച്ചുള്ളു. സ്കോട്ടീഷ് നാഷണൽ പാർട്ടി 13 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ മൂന്നു സീറ്റും നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ലേബർ മാറുമെന്നാണ് ഇപ്പോഴത്തെ ഫലങ്ങൾ നൽകുന്ന സൂചന.

തെരേസ മേയ്ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു.കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. കഴിഞ്ഞതവണ സ്കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 14 സീറ്റും. ഇന്ത്യൻസമയം രാവിലെ പത്തുമണിയോടെ തിരഞ്ഞെടുപ്പുഫലം ഏതാണ്ട് പൂർണമായും പുറത്തുവരും.  വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാൾ ഒരു സീറ്റുകുറഞ്ഞാൽപോലും അത് പരാജയമാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിനു കിട്ടുന്നതെല്ലാം ബോണസും.