മഞ്ചേശ്വരത്തും താമര വിരിയുമോ ? സുരേന്ദ്രന്റെ പോരാട്ടത്തിന് കൂടുതല്‍ തെളിവുകള്‍

0
139

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങിൽ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ നിർണായക വഴിത്തിരിവ്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരിൽ പോലും വോട്ട് രേഖപ്പെടുത്തി എന്ന ആരോപണം സാധൂകരിക്കാൻ പോന്ന ചില തെളിവുകൾ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരാക്കി. അതേസമയം കേസിലെ കക്ഷികൾക്ക് സമൻസ് എത്തിക്കാൻ പൊലീസ് സഹായം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവർ സ്വദേശി യു.എ.മുഹമ്മദിൻറെ മരണ സർട്ടിഫിക്കറ്റാണിത്. ഈ രേഖ പ്രകാരം 2015 നവംബർ 5ന് മുഹമ്മദ് മരിച്ചു. എന്നാൽ 2016 മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പർ ബൂത്തിൽ മുഹമ്മദിൻറെ വോട്ട് രേഖപ്പെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫിസറായ പി.എച്ച്.സിനാജുദ്ദീൻ ഹൈക്കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയത്. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രൻറെ ഹർജിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടർമാരെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചതും.

ഇതുപ്രകാരം പത്തു പേർക്ക് കോടതി സമൻസയച്ചിരുന്നു. ഇതിൽ രണ്ടു പേർ കോടതിയിൽ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഭീഷണി മുലം മറ്റ് നാലു പേർക്ക് സമൻസ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് സമൻസ് എത്തിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ഇതോടെയാണ് ഇവർക്ക് സമൻസ് എത്തിക്കാൻ പൊലീസ് സഹായം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരിൽ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.സുരേന്ദ്രൻറെ ആരോപണം. ഈ ആരോപണം പൂർണമായും തെളിയിക്കപ്പെട്ടാൽ മുസ്‌ലിം ലീഗ് അംഗം അബ്ദുൾ റസാഖിൻറെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ,കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്.