മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാന്‍ പോർട്ട് ട്രസ്റ്റിനെ അനുവദിക്കില്ല: ഫിഷറീസ് മന്ത്രി

0
108

മത്സ്യത്തൊഴിലാളികൾക്ക് നല്കാനുള്ള നഷ്ട പരിഹാരത്തുകയിൽ കാലതാമസം വരുത്തുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു വേണ്ടി മത്സ്യബന്ധനോപകരണങ്ങൾ നീക്കം ചെയ്തവർക്കും ചെമ്മീൻ കൃഷി നഷ്ടപ്പെട്ടവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നല്കാനുള്ള തുക മുഴുവനായും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇനിയും കൈമാറിയിട്ടില്ല. കൂടാതെ കണ്ടെയ്നർ റോഡിനായി സ്ഥലമെടുത്തതിന്റെ തുകയും ഭൂവുടമകൾക്ക് നല്കിയിട്ടില്ല. ഈ കാലവിളംബം അനുവദിക്കാനാവില്ല. പോർട്ട്ട്രസ്റ്റിന്റെ ചെയർമാനും സെക്രട്ടറിയുമായി ഇതുസംബന്ധിച്ച ഉന്നതതലയോഗം ഈ മാസം വിളിച്ചു ചേർക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഈ യോഗത്തിലും നഷ്ടപരിഹാരം സംബന്ധിച്ച് ഉടൻ തീരുമാനമായില്ലെങ്കിൽ സർക്കാർ നിയമനടപടികളിലേക്ക് കടക്കും.

കണ്ടെയ്നർ ടെർമിനലിനായി മത്സ്യബന്ധനോപകരണങ്ങൾ നീക്കം ചെയ്തവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കുമായി 2.05 കോടി രൂപയുടെ നഷ്ടപരിഹാരപാക്കേജാണ് രണ്ടു ഘട്ടമായി മത്സ്യത്തൊഴിലാളികൾക്ക് നല്കേണ്ടത്. ഒന്നാംഘട്ടത്തിൽ നഷ്ടപരിഹാരത്തുകയായി 96,19,110 രൂപയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നല്കേണ്ടത്. ഇതിൽ 2742500 രൂപ മാത്രമാണ് ഇപ്പോൾ ഫിഷറീസ് വകുപ്പിന് കൈമാറിയിട്ടുള്ളത്. 243 പേർക്കാണ് ഈ തുക വിതരണം ചെയ്യേണ്ടത്. കൃത്യമായ രേഖകൾ സമർപ്പിച്ച 22 പേർക്ക് 1,55,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ യഥാർത്ഥ ഗുണഭോക്താക്കൾക്ക് തുക ലഭിച്ചില്ലെന്നും നിശ്ചയിച്ച നഷ്ടപരിഹാരത്തുക വളരെ ചെറുതാണെന്നുമുള്ള പരാതി മത്സ്യത്തൊഴിലാളികൾക്കുണ്ട്. ശരിയായ ഗുണഭോക്താക്കളെ മുളവുകാട് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തീരുമാനിക്കാനും ഗുണഭോക്താക്കളുടെ പട്ടിക ഫിഷറീസ് വകുപ്പിന് കൈമാറാനും മന്ത്രി നിർദേശിച്ചു. ഈ പട്ടികയനുസരിച്ച് നഷ്ടപരിഹാരം നല്കും. 2009-ൽ നിശ്ചയിച്ചതായതിനാൽ നഷ്ട പരിഹാരത്തുക വളരെ ചെറുതാണെന്നതിനാൽ പലരും തുക കൈപ്പറ്റാൻ തയ്യാറല്ല. കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികൃതരുമായി നടത്തുന്ന ഉന്നതതല യോഗത്തിൽ തുക വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും.
കണ്ടെയ്നർ റോഡിനായി സ്ഥലമെടുത്തതിലും പോർട് ട്രസ്റ്റ് തുക കൈമാറിയിട്ടില്ല. നാഷണൽ ഹൈവേ അതോറിറ്റിയാണ് തുക കൈമാറേണ്ടെതെന്ന നിലപാടായിരുന്നു നേരത്തെ പോർട്ട് ട്രസ്റ്റിന്റേത്. എന്നാൽ പോർട് ട്രസ്റ്റ് തന്നെ തുക കൈമാറണമെന്ന് സർക്കാർ ഡിസംബറിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് തുകയ്ക്കായി ഷിപ്പിങ് മന്ത്രാലയത്തിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ ഇന്നലെ (ജൂൺ 9) നടന്ന ചർച്ചയിൽ അറിയിച്ചു. ഇനിയും കാലതാമസം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഈ മാസം അവസാനം നടത്തുന്ന യോഗത്തിൽ ഇക്കാര്യത്തിലും അടിയന്തിര തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ മീൻ പിടിക്കാൻ അനുവദിക്കാത്ത വിധത്തിലുള്ള സിആർപിഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, വല്ലാർപാടം പള്ളിക്കടുത്തുള്ള ലാന്റിംഗ് സെന്റർ യാഥാർത്ഥ്യമാവാത്തതിനെക്കുറിച്ചും മത്സ്യത്തൊഴിലാളി പ്രതിനിധികൾ പരാതി പറഞ്ഞു. ഇത്തരം വിഷയങ്ങളും ഉന്നതതലയോഗം ചർച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഗിൽനറ്റ് ബോട്ടുകൾ പ്രവർത്തിക്കുന്നതു സംബന്ധിച്ച ചർച്ചയും യോഗത്തിൽ നടന്നു. ഗിൽനറ്റ് ബോട്ടുകൾ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനപ്പുറത്തു മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന് മന്ത്രി പറഞ്ഞു. ഈ ബോട്ടുടമകൾക്ക് മത്സ്യം കേരളത്തിൽ വില്ക്കണമെങ്കിൽ യൂസർഫീ ക്ഷേമനിധിബോർഡ് വഴി അടയ്ക്കണം.
കടൽസമ്പത്ത് ചൂഷണം ചെയ്യുന്നത് വിവേകപൂർണമായിരിക്കണം. അതിനാൽ മത്സ്യബന്ധനബോട്ടുകളുടെ രജിസ്ട്രേഷനിലും മറ്റും നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുണ്ട്. ജൂൺ 14 രാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനമേർപ്പെടുത്തും. ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കലും കളർകോഡിങും ഇക്കാലയളവിൽ നടത്തണമെന്ന് മന്ത്രി ബോട്ടുടമകളോട് നിർദേശിച്ചു. ഉദ്യോഗസ്ഥർക്ക് യാനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കി നല്കാനുള്ള സൗകര്യത്തിനായാണിത്.
യോഗത്തിൽ എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, ഹൈബി ഈഡൻ, ഫിഷറീസ് ഡയറക്ടർ ഡോ. കാർത്തികേയൻ, എഡിഎം എം.പി ജോസ്, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്. മഹേഷ്, മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജൻ, കൊച്ചിൻ പോർട് ട്രസ്റ്റ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.