മൃതദേഹംസ്വകാര്യാശുപത്രിയിൽ നിന്നും വിട്ടുകൊടുക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

0
116

കൊച്ചി: ചികിൽസാ പിഴവിനെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം പ്രമുഖ സ്വകാര്യാശുപത്രിയിൽ നിന്നും വിട്ടുകൊടുക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ആശുപത്രി ബില്ലിന്റെ പേരിൽ മൃതദേഹം തടഞ്ഞു വച്ച് അനാദരവ് കാണിക്കുന്നത് നടപടികൾ ക്ഷണിച്ചു വരുത്തുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഉത്തരവിൽ നിരീക്ഷിച്ചു.ആലപ്പുഴ കളർകോട് സ്വദേശി സിബിജോണിന്റെ മൃതദേഹമാണ് രണ്ടരലക്ഷം രൂപ ബിൽ അടയ്ക്കാനുണ്ടെന്ന പേരിൽ ആശുപത്രി തടഞ്ഞു വച്ചത്.  സിബി ജോണിന്റെ സഹോദരൻ ആന്റണി ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി.ബിൽ അടയ്ക്കാനുണ്ടെന്ന പേരിൽ എറണാകുളത്ത് കഴിഞ്ഞ ദിവസവും ഒരു സ്വകാര്യാശുപത്രി മൃതദേഹം വിട്ടുനൽകിയിരുന്നില്ല.  ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസിന്റെ ഇടപെടലിനെ തുടർന്ന് മൃതദേഹം വിട്ടുനൽകി.സിബി ജോൺ മരിച്ചത് ചികിൽസാപിഴവ് കാരണമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.  മാർച്ച് മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഒരു മാസത്തോളം ചികിൽസ നടത്തി.  ശരീരം മഞ്ഞനിറമായപ്പോൾ കരൾ മാറ്റി വയ്ക്കണമെന്ന്ം 30 ലക്ഷം രൂപ  ചെലവുവരുമെന്നും പറഞ്ഞു.  മറ്റൊരു ആശുപത്രിയിൽ ചികിൽസ തേടാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തില്ല.  തുടർന്ന് ജൂൺ എട്ടിന്് സിബി മരിച്ചു. ഇതിനകം രണ്ട് ലക്ഷം രൂപ ചികിൽസാ ചെലവായി അടച്ചിട്ടുണ്ട്.  മൃതദേഹം വിട്ടു നൽകാത്ത എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് നോട്ടീസയക്കാനും കമ്മീഷൻ ഉത്തരവായി.  മൂന്നാഴ്ചയ്ക്കകം റിപോർട്ട് നൽകണം.  കേസ് ജൂൺ 29 ന് ആലപ്പുഴയിൽ പരിഗണിക്കും.