യു.ഡി.എഫ് യോഗം ഇന്ന്; മദ്യനയം പ്രധാന ചർച്ച

0
107

സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന്  ചേരുന്ന യു.ഡി.എഫ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം അതായിരിക്കും.  വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യു.ഡി.എഫ് യോഗം. മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെയുള്ള പ്രചാരണ പരിപാടികൾക്ക് യോഗം രൂപംനൽകും.
പാതയോര ബാർ വിഷയവും മദ്യശാലകൾ ആരംഭിക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ സർക്കാർ നടപടിയും ചർച്ചചെയ്യും. ഇടതുമുന്നണിയുടെ പുതിയ മദ്യനയമായിരിക്കും പ്രധാനമായും ചർച്ചചെയ്യുക. മദ്യവിഷയം ഇടതുസർക്കാറിനെതിരെ പ്രധാന പ്രചാരണായുധമാക്കണമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായം ഉണ്ടാവില്ല. അതിനാൽ ബാറുകൾക്ക് വീണ്ടും ലൈസൻസ് നൽകാനുള്ള ഇടതുമുന്നണി തീരുമാനത്തിനെതിരെ ശക്തമായ പ്രചാരണ- പരിപാടികൾക്കും സമരപരമ്പരക്കും ആയിരിക്കും യു.ഡി.എഫ് രൂപംനൽകുക. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങളും ആവിഷ്‌കരിക്കും. പ്രശ്‌നത്തിൽ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ള ശക്തമായ പിന്തുണ കിട്ടുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ പിന്തുണ ഉറപ്പിച്ച് താഴെ തട്ടുമുതൽ സർക്കാറിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾക്ക് പദ്ധതി തയാറാക്കും.
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാനും തയാറാകും. പുതിയ മദ്യനയത്തിന് പിന്നിൽ ബാറുടമകളുമായി വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആേരാപണവും യു.ഡി.എഫ് ഉയർത്തുമെന്നാണ് സൂചന.