യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തിൽ പാഠപുസ്തകം.ഒൻപതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമർശം ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ പരാമർശം അച്ചടിപിശകാണെന്ന വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി.
ഒൻപതാം ക്ലാസിലെ ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമർശം.ക്രിസ്തുവിനെ പിശാചായ യേശു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ വചനങ്ങൾക്കൊപ്പമാണ് ഈ വിശേഷണം കടന്നുകൂടിയത്.
സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാൽ ഒരുമാസം മുൻപേ തെറ്റുചൂണ്ടിക്കാട്ടിയിട്ടും, തെറ്റുതിരുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ലെന്ന് ഗുജറാത്തിലെ ക്രിസ്തീയസഭാ പ്രതിനിധികൾ പറയുന്നു. അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. പുതിയ പാഠപുസ്തകം വിതരണം ചെയ്യുമെന്ന നിലപാടിലാണ് ഗവണ്മെന്റ്.