ലീഡ് തിരിച്ചുപിടിച്ച് കൺസർവേറ്റീവ് പാർട്ടി; തൂക്കുസഭയ്ക്കു സാധ്യത

0
92

ബ്രിട്ടൻ തിരഞ്ഞെടുപ്പിൽ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി. ആകെയുള്ള 650 സീറ്റുകളിൽ 614 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 296 എണ്ണത്തിൽ കൺസർവേറ്റീവ് പാർട്ടി വിജയിച്ചു. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി 252 സീറ്റുകൾ നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ലീഡു നിലനിർത്തി മുന്നേറിയ ലേബർ പാർട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. എന്നാൽ, വോട്ടെണ്ണൽ പുരോഗമിക്കുന്തോറും നില മെച്ചപ്പെടുത്തിയ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി, ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

സ്‌കോട്ടീഷ് നാഷനൽ പാർട്ടിക്ക് 34 ഉം ലിബറൽ ഡമോക്രാറ്റിനു 11 ഉം ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം സീറ്റുകൾ വീതം നേടിയിട്ടുണ്ട്. ഭരണം പിടിക്കാൻ 326 സീറ്റുകൾ വേണമെന്നിരിക്കെ, ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി തെരേസാ മേ നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും ഒറ്റയ്ക്ക് ഭരണം ലഭിക്കാനിടയില്ല. ഇതോടെ, ബ്രിട്ടനിൽ തൂക്കുമന്ത്രി സഭയ്ക്കു സാധ്യതയേറി.

അതേസമയം, കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം. കഴിഞ്ഞതവണ സ്‌കോട്ട്‌ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്‌കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 14 സീറ്റും. ഇന്ത്യൻ സമയം രാവിലെ പത്തരയോടെ തിരഞ്ഞെടുപ്പുഫലം ഏതാണ്ട് പൂർണമായും പുറത്തുവരും.

തെരേസ മേയ്ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാൾ ഒരു സീറ്റുകുറഞ്ഞാൽപോലും അത് പരാജയമാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിനു കിട്ടുന്നതെല്ലാം ബോണസും.