വിദേശനയം മാറ്റണമെന്നത് അംഗീകരിക്കാനാവില്ല-ഖത്തർ വിദേശകാര്യമന്ത്രി

0
101


ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധിപരിഹരിക്കാൻ രാജ്യത്തിന്റെ വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി.ദോഹയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണാൻ രാജ്യത്തിന് കഴിയും. രാജ്യത്തെ ജനജീവിതത്തെ ഒരുതരത്തിലും പ്രശ്നം ബാധിക്കില്ല. അതിനാവശ്യമായ നടപടി ഖത്തർ സ്വീകരിച്ചിട്ടുണ്ട്. എത്രനാൾ വേണമെങ്കിലും ഇതുപോലെ തുടരാൻ ബുദ്ധിമുട്ടുണ്ടാവില്ല. സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.

ശത്രുരാജ്യങ്ങളിൽനിന്നുപോലും ഇത്തരത്തിലൊരു സമീപനം ഉണ്ടായിട്ടില്ലെന്ന് അൽതാനി കുറ്റപ്പെടുത്തി. ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമുമ്പിൽ ഒരുതരത്തിലുമുള്ള ആവശ്യം ഖത്തർ ഉന്നയിച്ചിട്ടില്ല. സമാധാനമായി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് രാജ്യത്തിന്റെ നയം.പ്രശ്നം പരിഹരിക്കാനായി ഒരുതരത്തിലുമുള്ള സൈനികനീക്കവും ഉണ്ടാകില്ല. മേഖലയുടെ മുഴുവൻ സുരക്ഷയ്ക്കായാണ് തുർക്കിയിൽ നിന്നുള്ള സൈന്യം ഖത്തറിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയെങ്കിലും അവരുമായിട്ടുള്ള ദ്രവീകൃത പ്രകൃതിവാതകകരാറിനെ ഖത്തർ ബഹുമാനിക്കുന്നുവെന്നും അൽതാനി പറഞ്ഞു.ആവശ്യപ്പെട്ടാൽ ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാമെന്ന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവരുടെ സഹായം ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥചർച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് നേരത്തെയും വ്യക്തമാക്കിയതാണ് -അദ്ദേഹം പറഞ്ഞു.