സംസ്ഥാന സർക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
155

ജൂൺ 12ന് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും

മികച്ച ആരോഗ്യ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകൾക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം കൊല്ലം, കാസർഗോഡ്, മലപ്പുറം ജില്ലകൾക്കാണ്. മുനിസിപ്പാലിറ്റികളിൽ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ആദ്യ മൂന്നുസ്ഥാനങ്ങൾ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും, കണ്ണൂർ ജില്ലയിലെ തലശ്ശേരി മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലയിലെ കരവാളൂർ, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപഞ്ചായത്തുകളിൽ ആദ്യമൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. കോർപ്പറേഷൻ വിഭാഗത്തിൽ തൃശൂർ കോർപ്പറേഷന് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളിൽ, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം: തിരുവനന്തപുരം- വാമനപുരം, കുളത്തൂർ, മാറനല്ലൂർ. കൊല്ലം- ചിറക്കര, ആലപ്പാട്, തെക്കുംഭാഗം. പത്തനംതിട്ട- തോട്ടപ്പുഴശ്ശേരി (ഒന്നാംസ്ഥാനം), ആലപ്പുഴ- ചേന്നംപള്ളിപ്പുറം (പ്രോത്സാഹന സമ്മാനം), കോട്ടയം- മുത്തോളി (പ്രോത്സാഹന സമ്മാനം). ഇടുക്കി- ആലക്കോട്, കടുയത്തുർ. (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). എറണാകുളം- അയവന (ഒന്നാംസ്ഥാനം), തൃശ്ശൂർ- പൊയ്യ (ഒന്നാംസ്ഥാനം), പാലക്കാട് – പുതുക്കോട് (ഒന്നാംസ്ഥാനം), മലപ്പുറം – എടക്കര (പ്രോത്സാഹന സമ്മാനം), കോഴിക്കോട് – അരിക്കുളം, ഇടച്ചേരി (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). വയനാട്- എടവക, പൂത്താടി, വൈത്തിരി (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം), കണ്ണൂർ- ചെറുപുഴ (പ്രോത്സാഹന സമ്മാനം), കാസർഗോഡ്- ഈസ്റ്റ് എളേരി (ഒന്നാംസ്ഥാനം). സംസ്ഥാനതലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ചുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് പുരസ്‌കാരത്തുക. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളിൽ, ആദ്യ മൂന്നുസ്ഥാനങ്ങൾക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവർത്തനത്തിൽ ആരോഗ്യമേഖലക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേത്യത്വത്തിൽ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി. തദ്ദേശസ്ഥാപനങ്ങൾ സമഗ്ര ആരോഗ്യപദ്ധതി മുഖേന നടപ്പാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ആരോഗ്യകേരളം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ്, ഫീൽഡ്തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേകം സജ്ജമാക്കിയ സോഫ്ട്വെയർ സംവിധാനത്തിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആരോഗ്യകേരളം പുരസ്‌കാരവിതരണം ജുൺ 12ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.